ദുബൈ: പ്ലേ ഓഫിലേക്ക് കടക്കാനുള്ള നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സ് നേടി കിങ്‌സ് ഇലവൻ പഞ്ചാബ്. കിങ്‌സ് ഇലവന്‍റെ പേരുകേട്ട താരങ്ങള്‍ നിറം മങ്ങിയ മത്സരത്തില്‍ മധ്യനിരയിലെ ദീപക് ഹൂഡയുടെ അര്‍ധസെഞ്ച്വറിയാണ് ടീമിന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. 30 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും അടക്കം 62 റണ്‍സ് നേടിയ ഹൂഡ പുറത്താകാതെ നിന്നു.
പതിവുപോലെ ഭേദപ്പെട്ട തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ക്യാപ്‌റ്റൻ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് ബാറ്റിങ് ആരംഭിച്ചു. ആറാം ഓവറില്‍ 15 പന്തില്‍ 26 റണ്‍സുമായി മായങ്ക് മടങ്ങുമ്പോള്‍ ടീം സ്‌കോര്‍ 48ല്‍ എത്തിയിരുന്നു. എന്നാല്‍ അധികം വൈകാതെ 29 റണ്‍സുമായി രാഹുലും മടങ്ങി. പ്രതീക്ഷയും ഭാരം ചുമന്ന ക്രിസ് ഗെയ്‌സിനൊപ്പം നിക്കോളാസ് പുരാൻ എത്തി. എന്നാല്‍ രണ്ട് റണ്‍സ് മാത്രമെടുത്ത് പുരാൻ വേഗം പുറത്തായി. 12ആം ഓവറില്‍ സൂപ്പര്‍ താരം ക്രിസ് ഗെയ്‌ല്‍ 12 റണ്‍സുമായി പുറത്താകുമ്പോള്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 72 റണ്‍സെന്ന നിലയിലായിരുന്നു പഞ്ചാബ്. സ്കോര്‍ ബോര്‍ഡ് 108ല്‍ എത്തിയപ്പോള്‍ മൻദീപ് സിങ്ങും പുറത്ത്. പഞ്ചാബ് വൻ തകര്‍ച്ചയിലേക്ക് നീങ്ങുമ്പോഴാണ് ദീപക് ഹൂഡയുടെ നിര്‍ണായക പ്രകടനം. മോശം പന്തുകള്‍ അടിച്ചകറ്റി ശ്രദ്ധയോടെ കളിച്ച ഹൂഡ സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ലുങ്കി എന്‍ഗിഡി ചെന്നൈയ്‌ക്കായി മികച്ച പ്രകടനം പുറത്തെടുത്തു. ശാര്‍ദുല്‍ ഠാക്കൂര്‍, ഇമ്രാൻ താഹിര്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.