ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരുടീമിനും ഇന്നത്തെ മത്സരം നിർണായകം. 10 കളികളില്‍ നിന്ന് 10 പോയിന്‍റുള്ള സണ്‍റൈസേഴ്‌സ് നാലാം സ്ഥാനത്തും 11 മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റുമായി രാജസ്ഥാൻ ഏഴാം സ്ഥാനത്തുമാണ്.
വിദേശ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ജോഫ്രാ ആർച്ചർ തുടങ്ങിയ പ്രധാന കളിക്കാരെല്ലാം നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് പ്ലേഓഫിലേക്ക് അടുക്കാനാകും റോയൽസിന്‍റെ ശ്രമം. അതിനാല്‍ സൺറൈസേഴ്സിനെതിരെ ജയത്തിൽ കുറഞ്ഞതൊന്നും രാജസ്ഥാൻ ഇന്ന് പ്രതീക്ഷിക്കുന്നില്ല. നായകസ്ഥാനം സ്റ്റീവ് സ്മിത്ത് ഏറ്റെടുത്തതിന് ശേഷം വിജയങ്ങളിലേക്ക് മടങ്ങി വന്ന രാജസ്ഥാന്‍ അവസാന മത്സരത്തില്‍ കൊൽക്കത്തയെ തോൽപ്പിച്ചതിന്‍റെ ആത്മവിശ്വാസത്തിലാകും ഇറങ്ങുക. അജിങ്ക്യ രഹാനെ മികച്ച ഫോമിലാണെങ്കിലും സഞ്ജു സാംസൺ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാത്തത് റോയൽസിന് തലവേദനയാണ്. യുവതാരം റിയാന്‍ പരാഗ്, സ്റ്റുവര്‍ട്ട് ബിന്നി എന്നിവർ മധ്യനിരയിൽ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ജോഫ്ര ആര്‍ച്ചറിന്‍റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്‍റെ യഥാര്‍ഥ കരുത്ത്.
സീസണിന്‍റെ തുടക്കത്തിലെ ഫോം നിലനിര്‍ത്താനാകാതെ പോയതാണ് സൺറൈസേഴ്സിന്‍റെ പ്ലേഓഫ് സാധ്യത വൈകിപ്പിക്കുന്നത്. ഓപ്പണർ ജോണി ബെയർസ്റ്റോ നാട്ടിലേക്ക് മടങ്ങിയത് ഹൈദരാബാദിന് തിരിച്ചടിയായി. വാർണർ-ബെയർസ്റ്റോ കൂട്ടുകെട്ടാണ് ടീമിന്‍റെ എല്ലാ വിജയങ്ങൾക്കും അടിസ്ഥാനമായത്. മനീഷ് പാണ്ഡെ, വിജയ് ശങ്കര്‍ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കുമ്പോൾ യൂസഫ് പത്താന് ഇതുവരെ തിളങ്ങാനായിട്ടില്ല. ഓൾ റൗണ്ടർ ഷക്കീബ് അല്‍ഹസൻ ഇന്ന് ടീമില്‍ ഇടം പിടിച്ചേക്കും. പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നത്. സ്പിന്‍ വിഭാഗത്തിൽ റാഷിദ് ഖാന്‍റെയും ഷക്കീബ് അല്‍ഹസന്‍റെയും പ്രകടനം ഹൈദരാബാദിന് നിര്‍ണായകമാവും. സീസണിൽ ഇരുടീമും ആദ്യം ഏറ്റുമുട്ടിയപ്പോൾ അഞ്ച് വിക്കറ്റിന് സൺറൈസേഴ്സ് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.