കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ഡൽഹി ക്യാപിറ്റൽസിന് 186 റൺസിന്‍റെ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയുടെ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടെങ്കിലും കൊല്‍ക്കത്തയെ മികച്ച സ്കോറിലെത്തിച്ചത് ആന്ദ്രേ റസലിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ്.
നൈറ്റ് റൈഡേഴ്സിന്‍റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 44 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകളാണ് സന്ദർശകർക്ക് നഷ്ടമായത്. നിഖില്‍(7), ക്രിസ് ലിന്‍(20), ഉത്തപ്പ(11), റാണ(1) എന്നിവരാണ് തുടക്കത്തിലെ കൂടാരം കയറിയവർ. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം കാര്‍ത്തിക്-റസല്‍ സഖ്യമാണ് കൊല്‍ക്കത്തയെ മുന്നോട്ടു നയിച്ചത്. 13 ഓവറില്‍ 96-5 എന്ന നിലയിൽ നിന്നും ക്രീസില്‍ ഒന്നിച്ച കാര്‍ത്തിക്കും റസലും കൊല്‍ക്കത്തയെ രക്ഷിക്കുകയായിരുന്നു. റസൽ 28 പന്തില്‍ 62 റണ്‍സിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവച്ചപ്പോള്‍നായകൻ കാർത്തിക്36 പന്തിൽ നിന്ന് 50 റൺസ് നേടി.
ഡൽഹിക്കായി ഹര്‍ഷല്‍ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്‌ത്തി. റബാഡ, ലമിച്ചാനെ, ക്രിസ് മോറിസ്, അമിത് മിശ്ര എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.