മുംബൈ: ഇന്ത്യന്‍ വനിതകള്‍ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ മാന്യമായ സ്‌കോര്‍ നേടി ഓസ്‌ട്രേലിയ. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത 50 ഓവറില്‍ 8 വിക്കറ്റിന് 258 റണ്‍സാണ് അടിച്ചത്. (India Women vs Australia Women Score updates)
98 പന്തില്‍ 63 റണ്‍സ് നേടിയ ഫോബ് ലിച്ച്ഫീൽഡാണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍. താരത്തിന്‍റെയടക്കം അനായാസമായ ഏഴ് ക്യാച്ചുകള്‍ നിലത്തിട്ട് കനത്ത കൈ സഹായമാണ് ഓസീസ് ഇന്നിങ്‌സിന് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നല്‍കിയത്. ഇതിനിടെയിലും ദീപ്‌തി ശര്‍മയുടെ അഞ്ച് വിക്കറ്റ് പ്രകടനത്തിന്‍റെ മികവിലാണ് ആതിഥേയര്‍ ഓസീസിനെ പിടിച്ച് കെട്ടിയത്.
ഓപ്പണര്‍മാരായ അലീസ ഹീലിയും ഫോബ് ലിച്ച്‌ഫീൽഡും 40 റണ്‍സ് ചേര്‍ത്തതോടെ ഭേദപ്പെട്ട തുടക്കമാണ് ഓസീസിന് ലഭിച്ചത്. ഹീലിയെ (24 പന്തില്‍ 13) ബൗള്‍ഡാക്കിയ പൂജ വസ്‌ത്രാകറാണ് കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ എല്ലിസ് പെറിയും ലിച്ച്‌ഫീൽഡും ടീമിനെ മുന്നോട്ട് നയിച്ചു.
പെറി ആക്രമിച്ചപ്പോള്‍ ലിച്ച്‌ഫീൽഡ് പിന്തുണ നല്‍കിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഒടുവില്‍ ദീപ്‌തി ശര്‍മയാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. എല്ലിസ് പെറി (47 പന്തില്‍ 50) ശ്രേയങ്ക പാട്ടീലിന്‍റെ കയ്യിലൊതുങ്ങി.
രണ്ടാം വിക്കറ്റില്‍ 77 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. പിന്നീടെത്തിയ ഓസീസ് ബാറ്റര്‍മാരെ തുടര്‍ച്ചയായ ഇടവേളകളില്‍ തിരിച്ച് കയറ്റാന്‍ കഴിഞ്ഞത് ഇന്ത്യയ്‌ക്ക് ഗുണം ചെയ്‌തു. ബെത്ത് മൂണിയെയും (17 പന്തില്‍ 10) ദീപ്‌തി ഇരയാക്കി. പിന്നാലെ ലിച്ച്‌ഫീൽഡിനെ ശ്രേയങ്കയും ആഷ്‌ലി ഗാര്‍ഡ്‌നറെ (6 പന്തില്‍ 2) സ്‌നേഹ് റാണയും മടക്കി.
അധികം വൈകാതെ തഹ്‌ലിയ മഗ്രാത്ത് (32 പന്തില്‍ 24), ജോർജിയ വെയർഹാം (20 പന്തില്‍ 28) അനബെല്ല സതര്‍ലൻ (29 പന്തില്‍ 23) എന്നിവരെ പുറത്താക്കിയ ദീപ്‌തി അഞ്ച് വിക്കറ്റ് തികച്ച് ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി. അലാന കിങ് (17 പന്തില്‍ 28) കിം ഗാർത്ത് (10 പന്തില്‍ 11) എന്നിവര്‍ പുറത്താവാതെ നിന്നു.
ഇന്ത്യൻ വനിതകൾ (പ്ലേയിംഗ് ഇലവൻ): സ്മൃതി മന്ദാന, യാസ്‌തിക ഭാട്ടിയ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റന്‍), ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), സ്നേഹ് റാണ, അമൻജോത് കൗർ, പൂജ വസ്ത്രാകർ, ശ്രേയങ്ക പാട്ടീൽ, രേണുക താക്കൂർ.
ഓസ്‌ട്രേലിയ വനിതകൾ (പ്ലേയിംഗ് ഇലവൻ): അലിസ ഹീലി (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), ഫോബ് ലിച്ച്‌ഫീൽഡ്, എല്ലിസ് പെറി, ബെത്ത് മൂണി, തഹ്‌ലിയ മഗ്രാത്ത്, ആഷ്‌ലി ഗാർഡ്‌നർ, അനബെൽ സതർലാൻഡ്, ജോർജിയ വെയർഹാം, അലാന കിങ്, കിം ഗാർത്ത്, ഡാർസി ബ്രൗൺ.