എഡ്‌ജ്‌ബാസ്റ്റണ്‍ : വിരാട് കോലിയോടുള്ള ഇന്ത്യന്‍ കമന്‍റേറ്റർമാരുടെ സമീപനത്തെ വിമര്‍ശിച്ച് ഇംഗ്ലണ്ട് മുന്‍ താരം ഗ്രെയിം സ്വാൻ. എഡ്‌ജ്‌ബാസ്റ്റണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്‌സില്‍ കോലി പുറത്തായത് ബെൻ സ്‌റ്റോക്‌സിന്‍റെ പന്തിന്‍റെ മികവിലാണ്. എന്നാല്‍ ഇന്ത്യന്‍ കമന്‍റേറ്റര്‍മാര്‍ കോലിയുടെ ഫോമുമായാണ് ഇതിനെ ബന്ധപ്പെടുത്തുന്നതെന്നും ഗ്രെയിം സ്വാൻ പറഞ്ഞു.
സ്‌റ്റോക്‌സിന്‍റേത് ഏത് കാലഘട്ടത്തിലെയും ഒരു ബാറ്റര്‍ക്കും കളിക്കാന്‍ കഴിയുന്ന പന്തായിരുന്നില്ല. ഇക്കാരണത്താല്‍ തന്നെ തന്‍റെ മികച്ച തുടക്കം മുതലാക്കാന്‍ കഴിയാത്തതിന് കോലിയെ വിമര്‍ശിക്കുന്നതില്‍ ന്യായമില്ലെന്നും സ്വാൻ വ്യക്തമാക്കി.
'നിങ്ങൾക്കാവശ്യമുള്ളത് പറയാം, എനിക്കതില്‍ പ്രശ്‌നമില്ല. ടെസ്റ്റ് ചരിത്രത്തില്‍ ഏത് കാലഘട്ടത്തിലെ, ഏത് ബാറ്ററായാലും ആ ഡെലിവറി അതിജീവിക്കാൻ കഴിയുമെങ്കിൽ നിങ്ങൾ ഭാഗ്യവാനാണ്.
also read: ബെയർസ്റ്റോയെ 'കലിപ്പാക്കി' സെഞ്ചുറി അടിപ്പിച്ചത് കോലിയോ?; വീരുവിന്‍റെ നിരീക്ഷണം ഇതാണ്
ആ ഡെലിവറി കളിക്കാന്‍ ഏറെ പ്രയാസമുള്ളതാണ്. അതൊരു ലക്കി ക്യാച്ചാണെന്നും പറയാതിരിക്കാനാവില്ല. ഇന്ത്യൻ കമന്‍റേറ്റർമാർ വിരാടിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, വളരെ പരുഷമായി പെരുമാറുന്നു എന്നാണ് ഞാന്‍ കരുതുന്നത്. വിരാട് വളരെ നിലവാരമുള്ള താരമാണ്' - സ്വാന്‍ വ്യക്തമാക്കി.
40 പന്തില്‍ നാല് ഫോറടക്കം 20 റണ്‍സെടുത്താണ് കോലി പുറത്തായത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 30ാമത്തെ ഓവറില്‍ സ്‌റ്റോക്‌സിന്‍റെ ഒരു ലെങ്ത് ഡെലിവറിയില്‍ എഡ്‌ജായ കോലിയെ ഫസ്റ്റ് സ്ലിപ്പില്‍ റൂട്ട് പിടികൂടുകയായിരുന്നു. ഫ്രണ്ട് ഫൂട്ടിലാണ് കോലി കളിച്ചതെങ്കിലും പന്തിന്‍റെ അധിക ബൗൺസാണ് വിനയായതെന്നും സ്വാൻ നിരീക്ഷിച്ചു.