കൊളംബോ: ശ്രീലങ്കന്‍ വനിതകള്‍ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 172 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 48.2 ഓവറില്‍ 171 റണ്‍സിന് പുറത്തായി. 63 പന്തില്‍ 43 റണ്‍സ് നേടിയ നിലാക്ഷി ഡി സില്‍വയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍.
മൂന്ന് വിക്കറ്റ് വീതം നേടിയ രേണുക സിങ്ങും, ദീപ്‌തി ശര്‍മയും ചേര്‍ന്നാണ് ലങ്കയെ തകര്‍ത്തത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കന്‍ നിരയില്‍ നിലാക്ഷിയെ കൂടാതെ ഹസിനി പെരേര (54 പന്തില്‍ 37), ഹര്‍ഷിത മാധവി (54 പന്തില്‍ 28), അനുഷ്‌ക സഞ്‌ജീവനി (48 പന്തില്‍ 18), ഇനോക രണവീര (15 പന്തില്‍ 12) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
ഇന്ത്യയ്‌ക്കായി എട്ട് പേരാണ് ബോള്‍ എറിഞ്ഞത്. രേണുക ആറ് ഓവറില്‍ 29 റണ്‍സും, ദീപ്‌തി ശര്‍മ എട്ട് ഓവറില്‍ 23 റണ്‍സും മാത്രമാണ് വഴങ്ങിയത്. പൂജ വസ്‌ത്രാക്കര്‍ അഞ്ച് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. രാജേശ്വരി ഗെയ്‌ക്‌വാദ് ഒമ്പത് ഓവറില്‍ 33 റണ്‍സും, ഹര്‍മന്‍പ്രീത് കൗര്‍ ഏഴ് ഓവറില്‍ 13 റണ്‍സും വഴങ്ങി ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.