ക്യൂന്‍സ്‌ടൗണ്‍ : താൻ വിരമിച്ചാലും പുതിയ പ്രതിഭകൾക്കൊപ്പം ഇന്ത്യൻ ടീം കൂടുതൽ ശക്‌തമാകുമെന്ന് വനിത ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ മിതാലി രാജ്. ന്യൂസിലാൻഡിനെതിരായ അവസാന ഏകദിന മത്സരത്തിൽ വിജയിച്ച ശേഷം സംസാരിക്കുകയായിരുന്നു മിതാലി. വരാനിരിക്കുന്ന ഏകദിന ലോകകപ്പിന് ശേഷം ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്.
'ഏകദിന ലോകകപ്പിന് ശേഷം ഞാൻ വിരമിക്കുമ്പോൾ വരാനിരിക്കുന്ന പുതിയ പ്രതിഭകൾക്കൊപ്പം ടീം കൂടുതൽ ശക്തമാകും എന്ന് തന്നെയാണ് വിശ്വാസം. ആദ്യത്തെ കുറച്ച് മത്സരങ്ങൾ ഒഴിച്ചുനിർത്തിയാൽ ഞങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ലോകകപ്പ് മുന്നിൽ നിൽക്കെ അത് ടീമിന് ഏറെ ആത്മവിശ്വാസം നൽകുന്നു' - മിതാലി പറഞ്ഞു.
'ലോകകപ്പിന് മുൻപ് ശരിയായ രീതിയിൽ തയ്യാറെടുപ്പുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. നിർഭാഗ്യവശാൽ ഒമിക്രോണ്‍ വർധിച്ചതിനാൽ ഞങ്ങൾക്ക് പരിശീലന ക്യാമ്പുകൾ ശരിയായ സമയത്ത് ലഭിച്ചില്ല. അത് ഞങ്ങളുടെ പ്രകടനത്തെ ചെറിയ രീതിയിൽ ബാധിച്ചിട്ടുണ്ട്'. മിതാലി കൂട്ടിച്ചേർത്തു.
ALSO READ: ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറി ; സച്ചിന്‍റെ ചരിത്ര നേട്ടത്തിന് 12 വയസ്
അതേസമയം ന്യൂസിലാൻഡിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ ആശ്വാസ ജയം നേടിയിരുന്നു. അഞ്ച് മത്സര പരമ്പരയിലെ അവസാന ഏകദിനത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 252 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 46 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.