മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ വൈറ്റ് ബോള്‍ പരമ്പരയിലെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാവുന്ന താരങ്ങളുടെ പേരുകള്‍ നിര്‍ദേശിച്ച് മുന്‍ ബാറ്റര്‍ വസീം ജാഫര്‍. ടി20 ടീമിലേക്ക് യശസ്വി ജയ്സ്വാള്‍, റിങ്കു സിങ്, ജിതേഷ് ശര്‍മ എന്നിവരുടെ പേരുകള്‍ മുന്നോട്ട് വച്ച വസീം ജാഫര്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനും മലയാളിയുമായ സഞ്ജു സാംസണെ പരിഗണിക്കേണ്ടതില്ലെന്നാണ് പറയുന്നത്. ഏകദിന ടീമിലാണ് സഞ്ജു സാംസണ് ഇടം നല്‍കേണ്ടതെന്നും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ടി20 ടീമില്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ജിതേഷ് ശര്‍മക്ക് അവസരം നല്‍കണമെന്നാണ് വസീം ജാഫര്‍ പറയുന്നത്. "ഇന്ത്യയുടെ ടി20 ടീമില്‍ റിഷഭ് പന്ത് നിലവില്‍ ഇല്ല. അതിനാല്‍ ജിതേഷ് ശർമയാണ് പകരമെത്തേണ്ടത്. ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം നമ്പറിലോ അല്ലെങ്കില്‍ ആറാം നമ്പറിലോ ബാറ്റ് ചെയ്യാന്‍ കഴിയുന്ന താരമായിരിക്കണമയാള്‍. സഞ്‌ജു സാംസണ്‍ ഏകദിന ടീമില്‍ കളിക്കണമെന്നാണ് എന്‍റെ അഭിപ്രായം", വസീം ജാഫര്‍ പറഞ്ഞു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിന്‍റെ ഫിനിഷറാണ് ജിതേഷ് ശര്‍മ. അടുത്തിടെ അവസാനിച്ച 16-ാം സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും 156.06 സ്ട്രൈക്ക് റേറ്റില്‍ 309 റണ്‍സായിരുന്നു ജിതേഷ് അടിച്ച് കൂട്ടിയത്. രാജസ്ഥാനായി 14 മത്സരങ്ങളില്‍ നിന്നും 153.38 സ്ട്രൈക്ക് റേറ്റില്‍ 362 റണ്‍സായിരുന്നു സഞ്‌ജുവിന്‍റെ സമ്പാദ്യം.
ഇന്ത്യയുടെ ടെസ്റ്റ്, ടി20 ടീമുകളില്‍ യശസ്വി ജയ്‌സ്വാളിനെ ഉൾപ്പെടുത്തണം. റിങ്കു സിങ്ങാണ് കുട്ടിക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കായി കളിക്കേണ്ട മറ്റൊരു താരം. ഇന്ത്യ നിർഭയമായി ക്രിക്കറ്റ് കളിക്കണമെന്നും വസീം ജാഫർ കൂട്ടിച്ചേര്‍ത്തു.
"നിർഭയമായാണ് ഇന്ത്യ ക്രിക്കറ്റ് കളിക്കേണ്ടത്. പ്രത്യേകിച്ച് വൈറ്റ് ബോൾ ക്രിക്കറ്റ്. ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കുന്നതിനാല്‍ കളിയോടുള്ള സമീപനവും ഇന്ത്യ മാറ്റേണ്ടതുണ്ട്. അതിനാല്‍ ടി20 ഫോര്‍മാറ്റില്‍ നിര്‍ഭയരായി കളിക്കുന്ന താരങ്ങള്‍ക്കാണ് അവസരം നല്‍കേണ്ടത്. എങ്കില്‍ മാത്രമേ കിരീടങ്ങള്‍ നേടാന്‍ കഴിയൂ", ജാഫര്‍ പറഞ്ഞു.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഓപ്പണറായ യശസ്വി ജയ്‌സ്വാളും കൊല്‍ക്കത്തയുടെ ഫിനിഷറായ റിങ്കു സിങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 14 മത്സരങ്ങളില്‍ നിന്നും 48.08 എന്ന മികച്ച ശരാശരിയിലും 163.61 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 625 റൺസായിരുന്നു ജയ്‌സ്വാള്‍ അടിച്ച് കൂട്ടിയത്. ടൂര്‍ണമെന്‍റിന്‍റെ ഒരു സീസണില്‍ ഒരു അണ്‍ക്യാപ്‌ഡ് താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. റിങ്കുവാകട്ടെ 14 മത്സരങ്ങളില്‍ നിന്നും 59.25 ശരാശരിയിലും 149.52 സ്‌ട്രൈക്ക് റേറ്റിലും 413 റൺസായിരുന്നു നേടിയത്.
ജൂലൈ- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യയുടെ വെസ്‌റ്റ് ഇന്‍ഡീസ് പര്യനടം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളടങ്ങിയ റെഡ് ബോള്‍ പരമ്പരയോടെയാണ് ഇന്ത്യ-വിന്‍ഡീസ് പോര് ആരംഭിക്കുന്നത്. ജൂലൈ 12- ന് റോസോവിലെ വിൻഡ്‌സർ പാർക്കിലാണ് ആദ്യ ടെസ്റ്റ് തുടങ്ങുക. പിന്നീട് 20 മുതല്‍ ക്യൂന്‍സ് പാര്‍ക്കിലാണ് രണ്ടാം ടെസ്റ്റ്. തുടര്‍ന്നാണ് മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളും അടങ്ങിയ വൈറ്റ് ബോള്‍ പരമ്പര നടക്കുക.
ALSO READ: Asia Cup: ഏഷ്യ കപ്പില്‍ എതിരാളികളുടെ മുട്ടിടിക്കും; ബുംറയും ശ്രേയസും മടങ്ങിയെത്തുന്നു