മുംബൈ: ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ മികച്ച പ്രകടനമാണ് വെറ്ററന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയ്‌ക്ക് മുന്നില്‍ വീണ്ടും ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തുറന്നത്. 18 മാസങ്ങള്‍ പുറത്തിരുന്നതിന് ശേഷം ജൂണില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലായിരുന്നു രഹാനെ കരിയറില്‍ രണ്ടാം ഇന്നിങ്‌സിന് തുടക്കമിട്ടത്. മത്സരത്തില്‍ ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയ 35-കാരന് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലുള്ള ടീമില്‍ വൈസ് ക്യാപ്റ്റനായും സ്ഥാനക്കയറ്റം കിട്ടി.
എന്നാല്‍ പരമ്പരയില്‍ തന്‍റെ ഫോം ആവര്‍ത്തിക്കാന്‍ രഹാനെയ്‌ക്ക് കഴിഞ്ഞില്ല. ഡൊമിനിക്കയിലെ ആദ്യ ടെസ്റ്റില്‍ മൂന്നും പോര്‍ട്ട് ഓഫ് സ്‌പെയിനിലെ രണ്ടാം ടെസ്റ്റില്‍ എട്ടും റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഇതോടെ ഇന്ത്യന്‍ ടീമില്‍ അജിങ്ക്യ രാഹനെയുടെ നോട്ടീസ് പീരിയഡ് തുടങ്ങിയെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
"അജിങ്ക്യ രഹാനെ ഈ ടീമിന്‍റെ വൈസ് ക്യാപ്റ്റൻ ആണെന്നതില്‍ തര്‍ക്കമില്ല. പക്ഷേ, അവന്‍റെ നോട്ടീസ് പീരിയഡ് തുടങ്ങിയെന്ന് തോന്നുന്നു. ആദ്യം ടെസ്റ്റിന്‍റെ തുടക്കത്തില്‍ തന്നെ അവന്‍ ഇന്‍സൈഡ് എഡ്‌ജായി. രണ്ടാം ടെസ്റ്റില്‍ ബൗള്‍ഡ് ആവുകയായിരുന്നു. ചില കളിക്കാര്‍ക്ക് ഇങ്ങനെ സംഭവിക്കാം"- ആകാശ് ചോപ്ര പറഞ്ഞു.
ഡൊമനിക്കയിലും പോര്‍ട്ട് ഓഫ് സ്‌പെയിനിലും സമീപ കാലത്തായി മോശം ഫോമിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം പുറത്തെടുത്തപ്പോഴാണ് 35-കാരനായ അജിങ്ക്യ രഹാനെ മങ്ങിയത്. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും തിരിച്ചുവരവിന്‍റെ പാതയിലും ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന സര്‍ഫറാസ് ഖാന്‍, അഭിമന്യു ഈശ്വരന്‍, റിതുരാജ് ഗെയ്‌ക്‌വാദ് തുടങ്ങിയ താരങ്ങള്‍ അവസരം കാത്തും ഇരിക്കുന്ന സാഹചര്യത്തില്‍ രഹാനെയ്‌ക്ക് അധിക കാലം ഇന്ത്യന്‍ ടീമില്‍ തുടരാന്‍ കഴിയില്ലെന്നാണ് ആകാശ് ചോപ്ര തന്‍റെ വാക്കുകളിലൂടെ ചൂണ്ടിക്കാന്‍ ശ്രമിക്കുന്നത്.
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ 1-0ന് നേടിയിരുന്നു. ഡൊമനിക്കയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും വിജയിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. സ്‌പോര്‍ട്ട് ഓഫ് സ്‌പെയിനിലെ രണ്ടാം ടെസ്റ്റ് സമനിലയിലാവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യയ്‌ക്ക് വിജയ പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും അവസാന ദിനം പൂര്‍ണമായും മഴയെടുത്തതാണ് തിരിച്ചടിയായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിരാട് കോലിയുടെ സെഞ്ച്വറിയുടെയും യശസ്വി ജയ്‌സ്വാള്‍, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടേയും മികവില്‍ 438 റണ്‍സാണ് നേടിയിരുന്നത്.
മറുപടിക്കിറങ്ങിയ വിന്‍ഡീസിനെ 255 റണ്‍സില്‍ പിടിച്ചുകെട്ടാനും സംഘത്തിന് കഴിഞ്ഞു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ 183 റണ്‍സിന്‍റെ നിര്‍ണായക ലീഡും സന്ദര്‍ശകര്‍ക്ക് ലഭിച്ചു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റിന് അതിവേഗം അടിച്ചെടുത്ത 181 റണ്‍സും കൂട്ടിച്ചേര്‍ത്ത് 365 റണ്‍സിന്‍റെ വിജയ ലക്ഷ്യമായിരുന്നു ഇന്ത്യ ആതിഥേയര്‍ക്ക് മുന്നില്‍ വച്ചത്.
ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 76 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് നാലാം ദിന മത്സരം അവസാനിപ്പിച്ചത്. ഇതോടെ അവസാന ദിനത്തില്‍ വിജയത്തിനായി ഇന്ത്യയ്‌ക്ക് എട്ട് വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിന് 289 റണ്‍സുമായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ മഴയെത്തുടര്‍ന്ന് അഞ്ചാം ദിനത്തില്‍ ഒരു പന്ത് പോലും എറിയാനാവാതെ വന്നതോടെ മത്സരം സമനിലയലായി.