ധര്‍മ്മശാല: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്ക് 147 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ലങ്ക നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റുകള്‍ നഷ്‌ടത്തിലാണ് 146 റണ്‍സെടുത്തത്. 38 പന്തില്‍ 74 റണ്‍സടിച്ച് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ദസുന്‍ ഷനകയുടെ ഇന്നിങ്സാണ് ലങ്കയ്‌ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ആദ്യ 10 ഓവറില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ ലങ്കയെ വരിഞ്ഞുമുറുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഷനക ലങ്കൻ സ്കോർ 100 കടത്തുകയായിരുന്നു. 19 പന്തില്‍ 12 റണ്‍സുമായി ചാമിക കരുണരത്നെ പുറത്താവാതെ നിന്നു. ദിനേഷ് ചണ്ഡിമൽ 27 പന്തില്‍ 25 റണ്‍സെടുത്തു.
പാത്തും നിസങ്ക (10 പന്തില്‍ 1), ധനുഷ്‌ക ഗുണതിലക (1 പന്തില്‍ 0), ചരിത് അസാലങ്ക (6 പന്തില്‍ 4), ജനിത് ലിയാനഗെ (19 പന്തില്‍ 9) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്‌ക്കായി ആവേശ് ഖാന്‍ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ നിന്ന് നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ആവേഷ് ഖാന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ടീമിലിടം നേടി. ഇഷാന്‍ കിഷന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹാല്‍ എന്നിവർക്ക് വിശ്രമം അനുവദിച്ചു.
ലങ്കന്‍ ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ജനിത് ലിയാനഗെയും ജെഫ്രി വാൻഡർസെയും ടീമിലെത്തിയപ്പോള്‍ പ്രവീൺ ജയവിക്രമ, കാമിൽ മിഷാര എന്നിവര്‍ പുറത്തായി. ആദ്യ രണ്ട് മത്സരങ്ങളിലും മിന്നുന്ന ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഇതോടെ ലങ്കയ്‌ക്കിത് അഭിമാനപ്പോരാട്ടമാണ്.