മുംബൈ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ മുഴുവന്‍ മത്സരങ്ങളിലും യുവ പേസര്‍ അര്‍ഷ്‌ദീപ് സിങ്ങിനെ കളിപ്പിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ഇര്‍ഫാന്‍ പഠാന്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്സിലൂടെ അരങ്ങേറ്റം നടത്തിയ 23കാരനായ താരം വരവറിയിച്ചിരുന്നു. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 14 മത്സരങ്ങളില്‍ 10 വിക്കറ്റാണ് അര്‍ഷ്‌ദീപ് സിങ്ങിന്‍റെ സമ്പാദ്യം.
ഡെത്ത് ഓവറുകളില്‍ സ്ഥിരമായി പന്തെറിയുന്ന താരം 7.91 ഇക്കോണമി മാത്രമാണ് വഴങ്ങിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ഉമ്രാന്‍ ഖാനും പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. തുടര്‍ച്ചയായി 150 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് ഉമ്രാന്‍.
എന്നാല്‍ ഡെത്ത് ഓവറുകളില്‍ ഏത് മികച്ച ബാറ്റര്‍മാരേയും പിടിച്ചുനിര്‍ത്താനുള്ള അര്‍ഷ്‌ദീപിന്‍റെ കഴിവിനെയാണ് ഇര്‍ഫാന്‍ പിന്തുണയ്‌ക്കുന്നത്. സീസണില്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടാന്‍ അര്‍ഷ്‌ദീപിന് കഴിഞ്ഞിട്ടില്ലെന്നും ഇര്‍ഫാന്‍ സമ്മതിച്ചു.
"വിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾ ഐപിഎല്ലിലെ പ്രകടനത്തെ കാണുകയാണെങ്കിൽ, മത്സരങ്ങൾ കൂടുതലും വിക്കറ്റുകൾ കുറവുമാണ്. എന്നിട്ടും സെലക്ടർമാർ അവനെ പിന്തുണച്ച് ടീമിലേക്ക് തിരഞ്ഞെടുത്തു.
അതിന് കാരണമുണ്ട്, ഡെത്ത് ഓവറുകളില്‍ മികച്ച രീതിയിലാണ് അര്‍ഷ്‌ദീപ് പന്തെറിയുന്നത്. ധോണിയെയും ഹാർദിക് പാണ്ഡ്യയെയും അവന്‍ പിടിച്ചുനിര്‍ത്തി. എത്ര സെറ്റായ ബാറ്റര്‍ക്കെതിരെയും സ്ഥിരതയാർന്ന യോർക്കറുകൾ എറിയാന്‍ അവന് കഴിയും' - ഇര്‍ഫാന്‍ പറഞ്ഞു.
37 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 8.35 എന്ന എക്കോണമി റേറ്റിൽ 40 വിക്കറ്റുകളാണ് അർഷ്‌ദീപ് നേടിയത്. കഴിഞ്ഞ മെഗാതാര ലേലത്തിന് മുമ്പ് ടീമുകള്‍ നിലനിര്‍ത്തിയ അപൂര്‍വം അണ്‍ക്യാപ്‌ഡ് താരങ്ങളിലൊരാളായിരുന്നു അര്‍ഷ്‌ദീപ്. അതേസമയം അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും കളിക്കുക.
പരമ്പരയിലെ ആദ്യ മത്സരം ജൂൺ ഒമ്പതിന് അരുണ്‍ ജയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് നടക്കുക. കട്ടക്ക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍.