കട്ടക്ക് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. കട്ടക്കില്‍ രാത്രി ഏഴുമണിക്കാണ് മത്സരം. ആദ്യ കളിയില്‍ തോല്‍വി വഴങ്ങിയ ഇന്ത്യയ്‌ക്ക് മൂന്ന് മത്സര പരമ്പര കൈവിടാതിരിക്കാന്‍ ജയം അനിവാര്യമാണ്.
ആദ്യമത്സരത്തില്‍ 211 റണ്‍സ് നേടിയിട്ടും 5 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്‌ടത്തിലാണ് പ്രോട്ടീസ് ലക്ഷ്യം നേടിയത്. ഡേവിഡ് മില്ലറും റാസി വാൻ ഡെർ ഡസനും ചേര്‍ന്നാണ് റിഷഭ് പന്തിന് കീഴിലിറങ്ങിയ ഇന്ത്യയെ തല്ലിയൊതുക്കിയത്. ബാറ്റര്‍മാര്‍ മികവ് പുലര്‍ത്തുമ്പോള്‍ ബൗളര്‍മാരുടെ മൂര്‍ച്ചക്കുറവാണ് കട്ടക്കില്‍ ഇന്ത്യയുടെ പ്രധാന ആശങ്ക.
ഇഷന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത് തുടങ്ങിയവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. ബൗളിങ് യൂണിറ്റില്‍ അര്‍ഷ്‌ദീപിനെയോ, ഉമ്രാന്‍ മാലിക്കിനേയോ പരിഗണിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ല.
മറുവശത്ത് ഡേവിഡ് മില്ലറുടെ മിന്നുന്ന ഫോം പ്രോട്ടീസിന് മുതല്‍ക്കൂട്ടാണ്. പിച്ച് പേസിനെ തുണയ്ക്കുമെങ്കില്‍ കേശവ് മഹാരാജിനെ പുറത്തിരുത്തി ലുംഗി എന്‍ഗിഡിയെയോ മാര്‍കോ ജാന്‍സനോയോ പരിഗണിച്ചേക്കും. കൊവിഡ് മുക്തനായെങ്കിലും എയ്‌ഡന്‍ മാര്‍ക്രത്തിന് സാധ്യതയില്ല.
പിച്ച് റിപ്പോര്‍ട്ട് : താരമത്യേന ലോ സ്‌കോറിങ് പിച്ചാണ് കട്ടക്കിലേത്. ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോർ 140-ന് അടുത്തും ശരാശരി രണ്ടാം ഇന്നിങ്‌സ് സ്‌കോർ 100ൽ താഴെയുമാണ്. നേരത്തെ രണ്ട് ടി20 മത്സരങ്ങള്‍ക്കാണ് കട്ടക്ക് വേദിയായിട്ടുള്ളത്.
2015ല്‍ നടന്ന ആദ്യ മത്സരത്തില്‍ പ്രോട്ടീസായിരുന്നു ഇന്ത്യയുടെ എതിരാളികള്‍. അന്ന് വെറും 92 റണ്‍സിന് ഇന്ത്യ പുറത്തായപ്പോള്‍ ആറ് വിക്കറ്റിന്‍റെ ജയം നേടാന്‍ പ്രോട്ടീസിനായി. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെയായിരുന്നു രണ്ടാം മത്സരം. അന്ന് ലങ്കയെ 87 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ 93 റണ്‍സിന്‍റെ വമ്പന്‍ ജയം നേടിയിരുന്നു.