ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ടേബിള്‍ ടോപ്പേര്‍സായ ന്യൂസിലന്‍ഡിനെ നേരിടാന്‍ ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ ആശങ്കയായി കൂടുതല്‍ താരങ്ങളുടെ പരിക്ക് (India vs New Zealand). ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) കിവീസിനെതിരെ കളിക്കാന്‍ സാധിക്കില്ലെന്നതില്‍ നേരത്തെ വ്യക്തത വന്നിരുന്നു. ഈ സാഹചര്യത്തില്‍ പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന് കരുതിയിരുന്ന സൂര്യകുമാര്‍ യാദവ് (Suryakumar Yadav), ഇഷാന്‍ കിഷന്‍ (Ishan Kishan) എന്നിവരാണ് ഇപ്പോള്‍ പരിക്കിന്‍റെ പിടിയിലായിരിക്കുന്നത്.
നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നതിനിടെയാണ് സൂര്യകുമാര്‍ യാദവിന്‍റെ കൈക്കുഴയ്‌ക്കാണ് പരിക്കേറ്റത്. ഫുള്‍ടോസ് ബോള്‍ താരത്തിന്‍റെ കൈക്കുഴയില്‍ ഇടിക്കുകയായിരുന്നു. പിന്നാലെ, ഐസ് പാക്ക് ഉപയോഗിച്ച് വേദന കുറയ്ക്കാന്‍ ശ്രമിച്ചെങ്കിലും സൂര്യയ്‌ക്ക് പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങേണ്ടി വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശുഭ്‌മാന്‍ ഗില്ലിന്‍റെ അഭാവത്തില്‍ ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യയ്‌ക്കായി കളിച്ച ഇഷാന്‍ കിഷന് തേനീച്ച കുത്തേറ്റതാണ് ടീമിന്‍റെ മറ്റൊരു ആശങ്ക. പരിശീലനത്തിനിടെ തലയ്‌ക്ക് പിന്നിലായാണ് ഇഷാന്‍ കിഷന് തേനീച്ചയുടെ കുത്തേറ്റത്. നിലവില്‍ ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് സൂര്യയും ഇഷാനുമുള്ളത്.
അതേസമയം, ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബൗള്‍ ചെയ്യുന്നതിനിടെയാണ് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്ക് ഏല്‍ക്കുന്നത്. ബംഗ്ലാ ഓപ്പണറുടെ സ്ട്രെയിറ്റ് ഷോട്ട് കാലുകൊണ്ട് തടുത്തിടുന്നതിനിടെയായിരുന്നു താരത്തിന് പരിക്ക് പറ്റിയത്. തുടര്‍ന്ന് മൈതാനം വിട്ട ഹാര്‍ദിക് ആ മത്സരം കളിച്ചിരുന്നില്ല.
പിന്നാലെ, പൂനെയില്‍ നിന്നും ധര്‍മ്മശാലയിലേക്ക് എത്തിയ ഇന്ത്യന്‍ ടീമിനൊപ്പവും പാണ്ഡ്യ യാത്ര ചെയ്‌തിരുന്നില്ല. ചികിത്സയ്‌ക്കും വിശ്രമത്തിനും ശേഷം താരം ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുന്‍പ് ടീമിനൊപ്പം ചേരുമെന്നായിരുന്നു ബിസിസിഐ വ്യക്തമാക്കിയിരുന്നത്. ഈ സാഹചര്യത്തിലായിരുന്നു ന്യൂസിലന്‍ഡിനെതിരെ സൂര്യകുമാര്‍ യാദവ് കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നത്.
അതേസമയം, ലോകകപ്പിലെ തുടര്‍ച്ചയായ അഞ്ചാം ജയം തേടിയാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടാന്‍ ധര്‍മ്മശാലയില്‍ ഇറങ്ങുന്നത്. ലോകകപ്പിലെ അഞ്ചാമത്തെ ജയം തന്നെയാണ് ന്യൂസിലന്‍ഡിന്‍റെയും ലക്ഷ്യം. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് ലോകകപ്പില്‍ അപരാജിത കുതിപ്പ് തുടരുന്ന ന്യൂസിലന്‍ഡും ഇന്ത്യയും.
ഇന്ന് (ഒക്ടോബര്‍ 22) ധര്‍മ്മശാലയിലെ ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ടിനാണ് മത്സരം തുടങ്ങുന്നത്. ലോകകപ്പിലെ നിര്‍ണായക മത്സരത്തിനായി ഇറങ്ങുമ്പോള്‍ ഇന്ന് ന്യൂസിലന്‍ഡ് നിരയിലും മാറ്റത്തിനാണ് സാധ്യത.
Also Read : Rohit Sharma : ധര്‍മ്മശാലയില്‍ ഹിറ്റ്‌മാന്‍ വമ്പന്‍ ഫ്ലോപ്പ്; കിവീസിനെതിരെ ആരാധകര്‍ക്ക് ആശങ്ക