ലോര്‍ഡ്‌സ്: ഇന്ത്യ -ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലും മഴ കളിക്കുന്നു. ലോര്‍ഡ്‌സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 18.4 ഓവറില്‍ 46 റണ്‍സെടുത്ത് നില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ (66 പന്തില്‍ 35), കെഎല്‍ രാഹുല്‍ (46 പന്തില്‍ 10) എന്നിവരാണ് ക്രീസിലുള്ളത്.
ചാറ്റല്‍ മഴയെ തുടര്‍ന്ന് നിശ്ചയിച്ചിരുന്നതില്‍ നിന്നും 15 മിനിട്ടിലേറെ വൈകിയാണ് ടോസ് നടന്നത്. ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു ആദ്യ ഓവറുകളില്‍ ഇംഗ്ലീഷ് പേസര്‍മാര്‍ നടത്തിയത്.
മികച്ച സ്വിംഗ് കണ്ടെത്തിയ ഇംഗ്ലണ്ട് പേസര്‍മാര്‍ ഇന്ത്യയുടെ ഓപ്പണിങ് സഖ്യത്തെ വെള്ളം കുടിപ്പിച്ചു. ആദ്യ 12 ഓവറില്‍ 14 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. പതിയെ താളം കണ്ടെത്തിയ രോഹിത് ശര്‍മ 15ാം ഓവറില്‍ സാം കറനെ പഞ്ഞിക്കിടുകയും ചെയ്തു. നാല് ബൗണ്ടറിയടക്കം 16 റണ്‍സാണ് ഈ ഓവറില്‍ രോഹിത് അടിച്ചെടുത്തത്.
അതേസമയം ആദ്യ മത്സരത്തിലെ ഇലവനില്‍ നിന്നും മാറ്റങ്ങളുമായാണ് ഇരു ടീമുകളും ലോര്‍ഡ്‌സിലിറങ്ങിയത്. ഇന്ത്യന്‍ നിരയില്‍ പരിക്കേറ്റ് പുറത്തായ ശാര്‍ദ്ദുല്‍ താക്കുറിന് പകരം പേസര്‍ ഇഷാന്ത് ശര്‍മ ഇടം പിടിച്ചു.
also read: ഫിഫ റാങ്കിങ്: ഇന്ത്യ 105-ാം റാങ്കില്‍, ബ്രസീലിനും അര്‍ജന്‍റീനയ്ക്കും മുന്നേറ്റം
ഇംഗ്ലണ്ട് നിരയില്‍ പരിക്കേറ്റ സ്റ്റുവര്‍ട്ട് ബ്രോഡ് പുറത്തായി. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ പരിക്കിന്‍റെ പിടിയിലാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ബ്രോഡിന് പുറമെ സാക് ക്രൗളി, ഡാന്‍ ലോറന്‍സസ് എന്നിവര്‍ക്ക് ടീമില്‍ നിന്നും സ്ഥാനം നഷ്ടമായപ്പോള്‍ മൊയീന്‍ അലി, ഹസീബ് ഹമീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു.