തിരുവനന്തപുരം : അതുവരെ സദസിൽ നിന്നും ഉയർന്ന ആർപ്പ് വിളികളും പാട്ടും ഒരു നിമിഷം നിലച്ചു. നാടകം നടക്കുന്ന സദസിലും പുറത്തും ആസ്വാദകർ തിങ്ങി നിറഞ്ഞിരിക്കുകയാണ്. എല്ലാം നഷ്‌ടപ്പെട്ട കുരുന്നുകൾ ജീവിതം തിരശീലയില്‍ കണ്ടപ്പോള്‍ സദസിന്‍റെ ഉള്ള് പിടഞ്ഞു.
ഉരുളെടുത്ത വെള്ളാർമല സ്‌കൂളിലെ കുട്ടികൾ അവതരിപ്പിച്ച വെള്ളപ്പൊക്കത്തിൽ എന്ന നാടകം പ്രേക്ഷകര്‍ നിറകണ്ണുകളോടെ സ്വീകരിച്ചു. 'അതിജീവനമീ ജീവിതം...' എന്ന് തുടങ്ങുന്ന പാട്ടോടു കൂടിയാണ് നാടകം അവസാനിക്കുന്നത്.
നമ്മളെ സ്‌കൂൾ തിരിച്ചു കിട്ടുമോ എന്നതും നമ്മളെ എന്താ ആർക്കും വേണ്ടാത്തെ എന്നും ഈ രാജ്യം നമ്മുടെ കൂടിയാണെന്നും പറയുന്ന രംഗങ്ങൾ വികാര നിർഭരമായി. ചേന്നന്‍റെ നായയായി അഭിനയിച്ച അമൽജിത്ത് വേദിയില്‍ വിസ്‌മയം തീര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നാടക പരിശീലനത്തിൽ ഏറെ പ്രതിസന്ധികൾ മറികടന്നാണ് അവർ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ വേദിയിൽ എത്തിയത്. പരിശീലനം നടത്താൻ സ്‌കൂളോ ഓഡിറ്റോറിയമോ ഒന്നും ഉണ്ടായിരുന്നില്ല.
അഭിനയ കലയിലൂടെ അവര്‍ ചേര്‍ത്തുപിടിക്കുന്നത് സ്നേഹം പകർന്ന, ആശ്വസിപ്പിച്ച മനുഷ്യരെയാണ്. നാടകത്തിലൂടെ നാടകത്തേക്കള്‍ വലിയ ജീവിത കഥയാണ് അവര്‍ പറഞ്ഞതും.
തങ്ങൾക്ക് പരിശീലനം ചെയ്യാൻ പറ്റാത്ത അവസ്ഥ ആയിരുന്നെന്നും അന്ന് കണ്ട കാഴ്‌ച ഇപ്പോഴും കണ്ണിൽ നിന്നും മായുന്നില്ലെന്നും അഭിനേതാവായ നിരഞ്ജൻ ഇടിവി ഭാരതിനോട് പറഞ്ഞു. തങ്ങളുടെ കൂടെയുള്ള നന്നായി അഭിനയിക്കുന്ന കുട്ടികൾ ഇന്ന് ഇല്ലെന്നും നിരഞ്ജൻ പറഞ്ഞു.
തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥയാണ് നാടകത്തിന്‍റെ കഥാ ബീജമെങ്കിലും സ്വന്തം കഥ കൂടി ചേർത്തു വച്ച നാടകമാണ് കലോത്സവ വേദിയില്‍ അവതരിപ്പിക്കപ്പെട്ടത്. വി.കെ അയാൻ, മുഹമ്മദ് അൻസിൽ, കെ.ആർ നിരഞ്ജൻ, സായൂജ് ആർ നായർ, പി.വി നിവേദിത, എ.വി വൈഗ എന്നിവരാണ് നാടകത്തില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഓരോ തൊഴിലിനും അതിന്‍റേതായ പ്രസക്തി ഉണ്ടെന്നും ചേറിലാണ് അന്നമെന്നും കാണിച്ചുതന്ന 'തൊഴിലാളി' എന്ന നാടകവും ജീവശ്വാസമായി മാറിയ മേമുണ്ട ഹയർ സെക്കന്‍ഡറി സ്‌കൂളിന്‍റെ 'ശ്വാസവും' പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.
തകരയിലെ ചെല്ലപ്പനാശാരിയുടെ ചൂടുള്ള കഥകൾ പുനർജനിച്ചപ്പോൾ അരങ്ങിൽ കാലവും കഥയും സമന്വയിച്ചതായിരുന്നു ശ്വാസം. തെറ്റിധരിക്കപ്പെടുന്ന സമൂഹത്തെയും കാണിച്ചു തരുന്നതായിരുന്നു ശ്വാസം.
മറ്റു നാടകങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നെന്ന് കലോത്സവം കാണാനെത്തിയ നാടക പ്രേമികൾ പറഞ്ഞു. നാടകപ്രേമികളുടെ പ്രശംസ പിടിച്ചുപറ്റിയാണ് ഇത്തവണയും സംസ്ഥാന കലോത്സവത്തിലെ നാടകത്തിന് തിരശീല വീണത്.
Also Read: കലോത്സവ വേദിയില്‍ കുഴഞ്ഞു വീണ് വിദ്യാര്‍ഥിനി; ദേഹാസ്വസ്ഥ്യം വകവക്കാതെ മികച്ച പ്രകടനം