മൊഹാലി: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നടക്കും. മൊഹാലിയില്‍ വൈകിട്ട് 7.30നാണ് മത്സരം ആരംഭിക്കുക. ഏഷ്യ കപ്പ് ക്രിക്കറ്റിലെ അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ മത്സരമാണ്. ടി20 ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇരു ടീമുകള്‍ക്കും ഏറെ നിര്‍ണായകമായ പരമ്പരകൂടിയാണിത്.
പന്തോ കാര്‍ത്തികോ?: ഇന്ത്യയെ സംബന്ധിച്ച് വിരാട് കോലിയുടെ ഫോമും പേസർമാരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും തിരിച്ചെത്തിയത് കരുത്താവും. കെഎല്‍ രാഹുലിന് പകരം വിരാട് കോലി ഓപ്പണായെത്തിയാല്‍ അത്ഭുതപ്പെടാനില്ല. വിക്കറ്റ് കീപ്പർമാരായ റിഷഭ് പന്ത്, ദിനേശ് കാർത്തിക് എന്നിവര്‍ തമ്മിലുള്ള തെരഞ്ഞെടുപ്പാണ് തലവേദനയാവുന്നത്.
സമീപകാലത്ത് ടീം മാനേജ്‌മെന്‍റ് കാർത്തിക്കിന് മികച്ച ശ്രദ്ധ നൽകിയിരുന്നു. എന്നാല്‍ അവസരങ്ങളുടെ അഭാവം താരത്തിന്‍റെ ഫോമിനെ സംശയത്തിലാക്കുകയാണ്. മറുവശത്ത് ഫോര്‍മാറ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പന്തിന് കഴിഞ്ഞിട്ടില്ല.
ഇതോടെ ഇവരില്‍ ആരാവും പ്ലേയിങ് ഇലവനിലെത്തുകയെന്നത് കാത്തിരുന്ന് കാണേണ്ടി വരും. പരിക്കേറ്റ് പുറത്തായ ജഡേജയ്‌ക്ക് പകരം ആര്‍ അശ്വിനെ പരിഗണിച്ചാല്‍ ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്ക് കാത്തിരിക്കേണ്ടിവരും.
നങ്കൂരമിടുമോ സ്‌മിത്ത്?: ഏകദിനത്തില്‍ നിന്നും വിരമിച്ചതിന് ശേഷം ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്‍റെ ആദ്യ മത്സരമാണിത്. ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയിനിസ്, മിച്ചൽ മാർഷ് എന്നിവരുടെ അഭാവത്തിൽ ഓസീസ് ടീമിൽ കാര്യമായ മാറ്റമുണ്ടാവും.
ഡേവിഡ് വാർണർ, മിച്ചൽ സ്റ്റാർക്ക്, മാർകസ് സ്റ്റോയ്‌നിസ്, മിച്ചൽ മാർഷ് എന്നിവര്‍ കളിക്കാത്തതിനാല്‍ ഓസീസ് ടീമിൽ മാറ്റമുണ്ടാവുമെന്ന് ഉറപ്പ്. മാര്‍ഷിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്‌മിത്ത് മൂന്നാം നമ്പറിലെത്തുമെന്ന് ഫിഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. ഫിഞ്ചിന്‍റെ മോശം ഫോമും
സ്മിത്തിന്‍റെ കുറഞ്ഞ സ്ട്രൈക്ക് റേറ്റും ഓസീസിന് ആശങ്കയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമാവുകയാണെങ്കില്‍ നങ്കൂരമിട്ട് കളിക്കാന്‍ സ്‌മിത്തിന് കഴിയുമെന്നാണ് മാനേജ്‌മെന്‍റിന്‍റെ വിലയിരുത്തല്‍.
നേര്‍ക്കുനേര്‍: മുന്‍ വര്‍ഷങ്ങളിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഓസീസിന് മേല്‍ ഇന്ത്യയ്‌ക്ക് നേരിയ ആധിപത്യമുണ്ട്. നേരത്തെ 23 ടി20 മത്സരങ്ങളിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 13 മത്സരങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ ഒമ്പത് മത്സരങ്ങളിലാണ് ഓസീസ് ജയം നേടിയത്. ഒരു മത്സരത്തിന് ഫലമുണ്ടായിരുന്നില്ല.
13ല്‍ നാല് വിജയങ്ങള്‍ സ്വന്തം മണ്ണിലും ഏഴ് വിജയങ്ങള്‍ ഓസീസിന്‍റെ തട്ടകത്തിലുമാണ് ഇന്ത്യ നേടിയത്. ന്യൂട്രല്‍ വേദിയില്‍ നേടിയ രണ്ട് വിജയങ്ങളും ഇന്ത്യയുടെ പട്ടികയിലുണ്ട്. 2020 ഡിസംബറിന് ശേഷം ഇരുടീമും ടി20യില്‍ മുഖാമുഖമെത്തിയിട്ടില്ല. അന്ന് ഓസ്‌ട്രേലിയില്‍ നടന്ന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
എവിടെ കാണാം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രി ബുമ്ര, ദീപക് ചാഹര്‍.
ഓസ്‌ട്രേലിയ: സീൻ ആബട്ട്, ആഷ്ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ആരോൺ ഫിഞ്ച് (സി), കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്‌സൺ, ഡാനിയൽ സാംസ്, സ്റ്റീവ് സ്മിത്ത്, മാത്യൂ വെയ്‌ഡ്, ആദം സാംപ.