ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ കൂറ്റന്‍ തോല്‍വിയാണ് ഓസ്‌ട്രേലിയ വഴങ്ങിയത്. നാഗ്‌പൂരിലെ പിച്ചില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ കറക്കി വീഴ്‌ത്തിയപ്പോള്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് കങ്കാരുക്കള്‍ പരാജയം സമ്മതിച്ചത്. ഇതിന് പിന്നാെല ടീമില്‍ വമ്പന്‍ അഴിച്ചുപണിക്ക് ഒരുങ്ങിയിരിക്കുകയാണ് മാനേജ്‌മെന്‍റെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇതിന്‍റെ ഭാഗമായി നാഗ്‌പൂരില്‍ മോശം പ്രകടനം നടത്തിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്തിരുത്തുമെന്നാണ് റിപ്പോട്ടുള്ളത്. വാര്‍ണറെ പുറത്തിരുത്തുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതായി ഓസീസ് മാധ്യമമായ സിഡ്‌നി മോണിങ് ഹെറാൾഡാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഉപഭൂഖണ്ഡത്തിലെ മോശം ഫോം തുടര്‍ന്ന് വാര്‍ണര്‍ നാഗ്‌പൂരിലെ രണ്ട് ഇന്നിങ്‌സുകളില്‍ 1, 10 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്‌തത്.
ഫെബ്രുവരി 17 മുതല്‍ 21വരെ ഡൽഹിയിലാണ് അടുത്ത മത്സരം നടക്കുക. കുഞ്ഞിന്‍റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ മിച്ചല്‍ സ്വെപ്‌സണ് പകരം ഇടങ്കയ്യന്‍ സ്‌പിന്നര്‍ മാത്യു കുനെമാനെ ഓസീസ് ടീമിലെത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ മൂന്ന് സ്‌പിന്നര്‍മാരുമായി ഓസീസ് കളിക്കുകയാണെങ്കില്‍ കുനെമാനെയ്‌ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
വമ്പന്മാര്‍ മടങ്ങിവരുന്നു: പരിക്കിനെ തുടര്‍ന്ന് നാഗ്‌പൂരില്‍ ഇറങ്ങാതിരുന്ന പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരും പ്ലേയിങ് ഇലവനിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്‌പിന്‍ ഓള്‍റൗണ്ടര്‍ ട്രാവിസ് ഹെഡും ടീമിലെത്തിയേക്കും. ഹെഡിന് പകരം നാഗ്‌പൂരില്‍ കളിച്ച മാറ്റ് റെന്‍ഷ്വൊയ്‌ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
അതേസമയം നാഗ്‌പൂരില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യ 400 റണ്‍സാണ് നേടിയത്. ഇതോടെ 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ സംഘം 91 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഇന്ത്യയില്‍ ഓസീസിന്‍റെ ഏറ്റവും ചെറിയ സ്‌കോറാണിത്.
രണ്ട് ഇന്നിങ്‌സുകളിലായി അഞ്ച് വിക്കറ്റ് വീതം വീഴ്‌ത്തിയ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയുമാണ് ഓസീസിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ സെഞ്ചുറി പ്രകടനം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായി. ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേജയും സെഞ്ചുറി നേടിയിരുന്നു.
ഈ പ്രകടനത്തോടെ മത്സരത്തിലെ താരമായും ജഡേജ തെരഞ്ഞെടുക്കപ്പെട്ടു. കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന് മോചിതനായി ഏകദേശം അഞ്ച് മാസത്തിന് ശേഷമാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ജഡേജ മടങ്ങിയെത്തിയതെന്ന കാര്യം ശ്രദ്ധേയമാണ്. ജഡേജയെപ്പോലെ ഒരു പങ്കാളിയെ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ആര്‍ അശ്വിന്‍ മത്സരത്തിന് ശേഷം പ്രതികരിച്ചിരുന്നു.
നാല് മത്സരങ്ങളാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലുള്ളത്. ധർമശാലയിലും (മാര്‍ച്ച് 1-5), അഹമ്മദാബാദിലുമാണ് (മാര്‍ച്ച് 9-13) മൂന്നും നാലും മത്സരങ്ങള്‍ നടക്കുക. 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു പരമ്പര ലക്ഷ്യം വച്ചെത്തിയ ഓസീസിന് കനത്ത തിരിച്ചടിയാണ് നാഗ്‌പൂരിലെ തോല്‍വി നല്‍കിയത്. മറുവശത്ത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യം വയ്‌ക്കുന്ന ഇന്ത്യയ്‌ക്ക് കൂടുതല്‍ ആത്മവിശ്വാസമാണ് വിജയം നല്‍കുന്നത്.
ALSO READ: 'ഓസീസിന് ഇനിയൊരു തിരിച്ചുവരവില്ല': കാരണം നിരത്തി ഉറപ്പിച്ച് മൈക്കല്‍ വോണ്‍