ചെന്നൈ: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ ഓസീസ് നായകന്‍ സ്‌റ്റീവ് സ്‌മിത്ത് ബാറ്റിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് കളിക്കുന്നതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അറിയിച്ചു.
എന്നാല്‍ രണ്ട് മറ്റങ്ങളുമായാണ് ഓസീസ് കളിക്കുന്നതെന്ന് സ്‌റ്റീവ് സ്‌മിത്ത് വ്യക്തമാക്കി. ആഷ്‌ടണ്‍ ആഗര്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തിയപ്പോള്‍ കാറൂണ്‍ ഗ്രിന്‍, നഥാന്‍ എല്ലിസ് എന്നിവരാണ് പുറത്തായത്.
ഇന്ത്യ (പ്ലേയിങ് ഇലവന്‍): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (പ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവന്‍): ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്‌മിത്ത് (സി), മാർനസ് ലബുഷെയ്‌ന്‍, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മാർക്കസ് സ്റ്റോയിനിസ്, ആഷ്ടൺ അഗർ, സീൻ അബോട്ട്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.
കാണാനുള്ള വഴി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ഏകദിനം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്.
ജയിക്കുന്നവര്‍ക്ക് പരമ്പര: പരമ്പരയിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം വിജയിക്കാന്‍ ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും കഴിഞ്ഞിട്ടുണ്ട്. മുംബൈയില്‍ നടന്ന ആദ്യ ഏകദിത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോള്‍ വിശാഖപട്ടണത്ത് 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് നേടിയത്. മുംബൈയില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 188 റണ്‍സിന് അഞ്ച് വിക്കറ്റിന് 191 റണ്‍സെടുത്തായിരുന്നു ആതിഥേയര്‍ മറുപടി നല്‍കിയത്.
ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ കെഎല്‍ രാഹുലും രവീന്ദ്ര ജഡേയും ചേര്‍ന്നായിരുന്നു ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ആറാം വിക്കറ്റില്‍ ഇരുവരും അപരാജിത സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്‌തു. വിശാഖപട്ടണത്താവാട്ടെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയെ 117 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഓസീസ് വിക്കറ്റ് നഷ്‌ടപ്പെടാതെ തന്നെ വെറും 11 ഓവറില്‍ കളിതീര്‍ക്കുകയായിരുന്നു.
അഞ്ച് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്കായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ കഥകഴിച്ചത്. മറുപടിക്കിറങ്ങിയ ഓസീസ് ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷും ട്രവിസ് ഹെഡും വെടിക്കെട്ട് പ്രകടനം നടത്തിയതോടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൊന്നിലേക്ക് ഇന്ത്യ കൂപ്പുകുത്തുകയായിരുന്നു. ഇതോടെ ഇന്ന് ചെപ്പോക്കില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ലോക റെക്കോഡിനരികെ രോഹിത്തും കോലിയും: ഓസീസിനെതിരെ ഇറങ്ങുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ ഇന്ത്യയുടെ രോഹിത് ശര്‍മയും വിരാട് കോലിയും ഒരു സഖ്യമെന്ന നിലയില്‍ ചരിത്ര നേട്ടത്തിന് അരികെയാണുള്ളകത്. വെറും രണ്ട് റണ്‍സ് ഒന്നിച്ച് ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 5000 റണ്‍സ് കൂട്ടുകെട്ട് എന്ന നാഴികകല്ലിലെത്താന്‍ രോഹിത്തിനും കഴിയും.
ഇതോടെ ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് കൂട്ടുകെട്ടെന്ന ലോക റെക്കോഡും രോഹിത് ശര്‍മ - വിരാട് കോലി സഖ്യത്തിന് സ്വന്തമാവും. ഏകദിനത്തിൽ 85 ഇന്നിങ്‌സുകളില്‍ നിന്നും 62.47 ശരാശരിയില്‍ ഇതേവരെ 4998 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും കണ്ടെത്തിയത്. 97 ഇന്നിങ്‌സുകളില്‍ നിന്നും 5000 റണ്‍സ് ചേര്‍ത്ത വിന്‍ഡീസ് താരങ്ങളായ ഗോർഡൻ ഗ്രീനിഡ്ജിന്‍റെയും ഡെസ്മണ്ട് ഹെയ്‌നസിന്‍റെയും പേരിലാണ് നിലവിലെ റെക്കോഡ്.
ALSO READ: 'ഇനിയും അതു ചെയ്‌താല്‍ ബാറ്റുകൊണ്ടടിക്കും'; സച്ചിന്‍റെ 'ഭീഷണി' ഓര്‍ത്തെടുത്ത് വിരേന്ദർ സെവാഗ്