ചെന്നൈ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30നാണ് കളി ആരംഭിക്കുക. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഇരു ടീമുകളും ഓരോ വിജയം വീതം നേടിയിരുന്നു.
മുംബൈയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ജയിച്ച് കയറിപ്പോള്‍ വിശാഖപട്ടണത്ത് നടന്ന രണ്ടാം ഏകദിത്തില്‍ 10 വിക്കറ്റിന്‍റെ ജയം പിടിച്ച ഓസീസ് ശക്തമായ തിരിച്ച് വരവാണ് നടത്തിയത്. ഇതോടെ ഇന്ന് ചെപ്പോക്കില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പരയും സ്വന്തമാക്കാം.
ഓസീസ് പേസ് നിരയ്‌ക്കെതിരെ രോഹിത് ശർമ, വിരാട് കോലി, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് തുടങ്ങിയ താരങ്ങള്‍ ഉണര്‍ന്ന് കളിച്ചാല്‍ മാത്രമേ ഇന്ത്യയ്‌ക്ക് പ്രതീക്ഷയ്‌ക്ക് വകയുള്ളു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പേരിനൊത്ത പ്രകടനം നടത്താതെ തീര്‍ത്തും ദയനീയമായ പ്രകടനമായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ നടത്തിയത്. ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ആദ്യ സ്‌പെല്‍ തന്നെ ആതിഥേയര്‍ക്ക് കടുത്ത ആഘാതമായിരുന്നു നല്‍കിയത്.
രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയ സൂര്യകുമാര്‍ യാദവ് ഇന്ന് ശ്രദ്ധാകേന്ദ്രമാകുമെന്നുറപ്പ്. മുംബൈയിലും വിശാഖപട്ടണത്തും ഏതാണ്ട് സമാനമായ രീതിയില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയായിരുന്നു ടി20 ക്രിക്കറ്റിലെ ലോക ഒന്നാം നമ്പറായ സൂര്യകുമാര്‍ തിരിച്ച് കയറിയത്. ഇതോടെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്ന താരത്തെ പിന്തുണച്ചുകൊണ്ട് മുഖ്യപരിശീകന്‍ രാഹുല്‍ ദ്രാവിഡ് രംഗത്തെത്തിയിരുന്നു.
സൂര്യകുമാര്‍ യാദവ് ഏകദിന ക്രിക്കറ്റ് പഠിച്ചുവരികയാണെന്നായിരുന്നു ദ്രാവിഡിന്‍റെ വാക്കുകള്‍. ടി20യും ഏകദിനവും വ്യത്യസ്‌ത ഫോര്‍മാറ്റുകളാണ്. ഏകദിനത്തില്‍ ഇന്ത്യയ്‌ക്കായി കൂടുതല്‍ മത്സരങ്ങള്‍ കളിക്കാത്തത് താരത്തിന്‍റെ പ്രകടനത്തെ ബാധിച്ചിരിക്കാമെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. നാലാം നമ്പറില്‍ കളിക്കാനിറങ്ങുന്ന സൂര്യയെ ഒരു സ്ഥാനം താഴ്‌ത്തി കളിപ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
പിച്ച് റിപ്പോര്‍ട്ട്: ഒരുകാലത്ത് പേസര്‍മാര്‍ നേട്ടം കൊയ്‌തിരുന്ന പിച്ചായിരുന്നു ചെപ്പോക്കിലേത്. എന്നാല്‍ ഇപ്പോൾ വേഗത കുറഞ്ഞ പിച്ച് സ്‌പിന്നർമാര്‍ക്ക് അനുകൂലമാകുമെന്നാണ് കരുതുന്നത്. ഇതുവരെ അവിടെ കളിച്ച 22 ഏകദിനങ്ങളിൽ ഒന്നിലും രണ്ട് ഇന്നിങ്‌സുകളിലേയും ശരാശരി സ്‌കോർ 250 കടന്നിട്ടില്ല. 2019ന് ശേഷം ആദ്യമായാണ് ഇവിടെ വീണ്ടുമൊരു ഏകദിന മത്സരം നടക്കുന്നത്.
കാണാനുള്ള വഴി: ഇന്ത്യ vs ഓസ്‌ട്രേലിയ മൂന്നാം ഏകദിനം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും ഈ മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുണ്ട്.
സാധ്യത ഇലവന്‍
ഇന്ത്യ: രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്/ ഉമ്രാന്‍ മാലിക്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത് (സി), മാർനസ് ലാബുഷെയ്‌ന്‍, അലക്‌സ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.