ബെംഗളൂരു: ഇന്ത്യയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന് ബോളിങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബെംഗളൂരുവിലെ എം ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ രോഹിത് ബോളിങ്ങായിരുന്നു തിരഞ്ഞെടുത്തത്. കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ മൂന്ന് മാറ്റവുമായാണ് ആതിഥേയര്‍ കളിക്കുന്നത്. സഞ്‌ജു സാംസണ്‍ Sanju Samson, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി. അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ, അര്‍ഷ്‌ദീപ് സിങ് എന്നിവരാണ് പുറത്തായത്. അഫ്‌ഗാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളുള്ളതായി ക്യാപ്റ്റന്‍ ഇബ്രാഹിം സദ്രാൻ അറിയിച്ചു.
ഇന്ത്യ (പ്ലേയിങ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, രോഹിത് ശർമ (ക്യാപ്റ്റന്‍), വിരാട് കോലി, ശിവം ദുബെ, സഞ്ജു സാംസൺ (ഡബ്ല്യു), റിങ്കു സിങ്, വാഷിങ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ, കുൽദീപ് യാദവ്, അവേഷ് ഖാൻ.
അഫ്‌ഗാനിസ്ഥാൻ (പ്ലേയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ് (ഡബ്ല്യു), ഇബ്രാഹിം സദ്രാൻ (ക്യാപ്റ്റന്‍), ഗുൽബാദിൻ നെയ്‌ബ്, അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, കരീം ജനത്, ഷറഫുദ്ദീൻ അഷ്‌റഫ്, ഖായിസ് അഹമ്മദ്, മുഹമ്മദ് സലീം സഫി, ഫരീദ് അഹമ്മദ് മാലിക്.
ALSO READ: 'അവനുണ്ടാക്കുന്നത് വലിയ തലവേദന'; ശിവം ദുബെ സെലക്‌ടര്‍മാരെ പ്രയാസത്തിലാക്കിയെന്ന് ഗവാസ്‌കര്‍
മൊഹാലിയിലും ഇന്‍ഡോറിലുമായി നടന്ന ആദ്യ രണ്ട് ടി20കള്‍ വിജയിച്ച ആതിഥേയര്‍ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ട്. ചിന്നസ്വാമിയില്‍ ഇന്ന് കളിപിടിച്ചാല്‍ പരമ്പരയില്‍ അഫ്‌ഗാനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും. ഇതോടെ ഉഭയകക്ഷി ടി20 പരമ്പരകളില്‍ എതിരാളികളെ ഏറ്റവും കൂടുതല്‍ തവണ സമ്പൂര്‍ണ തോല്‍വിയിലേക്ക് തള്ളിവിട്ട ടീമെന്ന ലോക റെക്കോഡ് ഇന്ത്യയ്‌ക്ക് ഒറ്റയ്‌ക്ക് സ്വന്തമാക്കാം.
ALSO READ: ടി20 റാങ്കിങ്: ഡബിള്‍ എഞ്ചിന്‍ കുതിപ്പുമായി ദുബെ, യശസ്വിയും അക്‌സറും ആദ്യ പത്തില്‍
നിലവില്‍ അയല്‍ക്കാരായ പാകിസ്ഥാനൊപ്പം പ്രസ്‌തുത റെക്കോഡ് പങ്കുവയ്‌ക്കുകയാണ് നീലപ്പട. എട്ട് തവണ വീതമാണ് ഇരു ടീമുകളും ഉഭയകക്ഷി ടി20 പരമ്പരയില്‍ എതിരാളികള്‍ക്ക് എതിരെ സമ്പൂര്‍ണ വിജയം നേടിയിട്ടുള്ളത്. ടി20 ലോകകപ്പിന് മുന്നോടിയായി ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന അന്താരാഷ്‌ട്ര മത്സരമാണിത്.
ALSO READ: ഒരൊറ്റ മത്സരം കൊണ്ട് വിലയിരുത്തുന്നത് തെറ്റ്; സഞ്‌ജുവിന്‍റെ കരിയറിനെ കുറിച്ച് ആകാശ് ചോപ്ര
ലൈവായി കളി കാണാന്‍: ഇന്ത്യ- അഫ്‌ഗാനിസ്ഥാന്‍ മൂന്നാം ടി20 മത്സരം ടെലിവിഷനില്‍ സ്‌പോര്‍ട്‌സ് 18 നെറ്റ്‌വര്‍ക്കിലാണ് തത്സമ സംപ്രേഷണം ചെയ്യുന്നത്. ഓണ്‍ലൈനായി ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും ഈ മത്സരം കാണാം... (Where to watch Ind vs Afg T20I).