കാന്‍ബറ: കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കാനുള്ള ടീം ഇന്ത്യയുടെ തീരുമാനത്തെ തള്ളാതെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ ആരോണ്‍ ഫിഞ്ച്. കാന്‍ബറയില്‍ ഇന്ത്യക്ക് എതിരെ 11 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സബ്‌സ്റ്റിറ്റ്യൂട്ടിനെ ഉപയോഗിക്കാനുള്ള തീരുമാനം മെഡിക്കല്‍ ടീമിന്‍റേതാണ്. അതിനെ അംഗീകരിച്ചെ മതിയാകൂ. സംശയിക്കുന്നതില്‍ അര്‍ത്ഥമില്ല. വിരാട് കോലിക്കും കൂട്ടര്‍ക്കും എതിരായ അവസാന ഓവറുകളില്‍ റണ്‍ ഒഴുക്ക് നിയന്ത്രിക്കാന്‍ സാധിക്കാത്തതാണ് ഓസിസ് ടീമിന്‍റെ പരാജയത്തിന് കാരണമെന്നും ഫിഞ്ച് കൂട്ടിച്ചേര്‍ത്തു.
ആദ്യം ബാറ്റ് ചെയ്‌ത ടീം ഇന്ത്യയുടെ അവസാനത്തെ ഓവറിലാണ് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ ബൗണ്‍സര്‍ ജഡേജയുടെ ഹെല്‍മെറ്റില്‍ പതിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തില്‍ അല്‍പനേരം ഗ്രൗണ്ടില്‍ ഇരുന്നതിന് ശേഷമാണ് ജഡേജ ബാറ്റിങ് പുനരാരംഭിച്ചത്. എന്നാല്‍ ഫീല്‍ഡിങ്ങിന് ഒരുങ്ങുന്നതിന് തൊട്ടുമുമ്പായി ഇന്ത്യ കണ്‍കഷന്‍ സബ്‌സ്റ്റിറ്റ്യൂട്ടായി യുസ്‌വേന്ദ്ര ചാഹലിനെ ഉപയോഗിക്കുകയായിരുന്നു. മത്സരത്തില്‍ ചാഹല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയത് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമാവുകയും ചെയ്‌തു.