ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് രാത്രി ഒമ്പതിന്. വിജയത്തോടെ പരമ്പരയില്‍ സമ്പൂര്‍ണ ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ആദ്യ മത്സരത്തിലെ ആധികാരിക വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കനത്ത മഴയും, 11 ഡിഗ്രി സെൽഷ്യസിലേക്ക് വരെ താഴുന്ന താപനിലയും, തണുത്ത കാറ്റുമാണ് ഇന്ത്യൻ താരങ്ങളെ വലയ്‌ക്കുന്നത്.
റിതുരാജ് ഗെയ്‌ക്വാദിന് പരിക്കേറ്റതിനാല്‍ ബാറ്റിങ് നിരയില്‍ ഇന്ന് മാറ്റത്തിന് സാധ്യതയുണ്ട്. ഗെയ്‌ക്വാദിനെ പുറത്തിരുത്തിയാൽ സഞ്‌ജു സാംസണോ രാഹുല്‍ ത്രിപാഠിയോ ടീമിലെത്തും. ത്രിപാഠിക്ക് അരങ്ങേറ്റം നല്‍കാന്‍ തീരുമാനിച്ചാല്‍ സഞ്‌ജു വീണ്ടും പുറത്തിരിക്കേണ്ടി വരും.
ഉമ്രാൻ മാലിക്കിന് പകരം അർഷ്‌ദീപ് സിങിനെ പരിഗണിക്കാനും സാധ്യതയുണ്ട്. ആദ്യ മത്സരത്തിൽ ഉമ്രാൻ മാലിക് പവർ പ്ലേയിലെ അവസാന ഓവർ മാത്രമാണ് എറിഞ്ഞത്. ഹാരി ടെക്‌ടർ മാലിക്കിന്‍റെ അധിക വേഗത പൂർണമായും ഉപയോഗിച്ചു. ആ ഓവറിൽ 14 റൺസാണ് താരം വഴങ്ങിയത്. പവർപ്ലേയ്‌ക്ക് ശേഷം മാത്രം ഉമ്രാനെ പന്ത് ഏൽപിക്കുന്നതാണ് ഉചിതമെന്ന് ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.
ഒറ്റയാന്‍ പോരാട്ടങ്ങള്‍ക്കപ്പുറം അയര്‍ലന്‍ഡ് ഇന്നും ഇന്ത്യയ്‌ക്ക് ഭീഷണി ഉയര്‍ത്തിയേക്കില്ല. പവര്‍പ്ലേയില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ വിക്കറ്റ് വേട്ട ഇന്ത്യയ്‌ക്ക് കരുത്താവും. നിശ്ചിത ഇടവേളകളില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ട്.
ഇന്ത്യ: ഹാർദിക് പാണ്ഡ്യ (ക്യാപ്‌റ്റൻ), ഭുവനേശ്വർ കുമാർ, ഇഷാൻ കിഷൻ, റിതുരാജ് ഗെയ്‌ക്വാദ്, സഞ്‌ജു സാംസൺ, സൂര്യകുമാർ യാദവ്, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ദിനേഷ് കാർത്തിക്, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, രവി ബിഷ്‌ണോയ്, ഹർഷൽ പട്ടേൽ, ആവേശ് ഖാൻ, അർഷ്‌ദീപ് സിങ്, ഉമ്രാൻ മാലിക്.
അയർലൻഡ്: ആൻഡ്രൂ ബാൽബിർണി (ക്യാപ്‌റ്റൻ), മാർക്ക് അഡൈർ, കർട്ടിസ് കാംഫർ, ഗാരെത് ഡെലാനി, ജോർജ് ഡോക്രെൽ, സ്റ്റീഫൻ ഡോഹനി, ജോഷ് ലിറ്റിൽ, ആൻഡ്രൂ മക്‌ബ്രൈൻ, ബാരി മക്കാർത്തി, കോനോർ ഓൾഫെർട്ട്, പോൾ സ്റ്റെർലിങ്, ഹാരി ട്രക്‌ടർ, ക്രെയ്‌ഗ് യങ്, ലോർകാൻ ടക്കർ.