ട്രെന്‍റ്ബ്രിഡ്ജ്: നോട്ടിങ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. മത്സരത്തിന്‍റെ രണ്ടാം ദിനം ഒന്നാം ഇന്നിങ്സിനിറങ്ങിയ ഇന്ത്യയ്ക്ക് നാല് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ രോഹിത് ശര്‍മ (36), ചേതേശ്വർ പൂജാര (4), വിരാട് കോലി (0), അജിങ്ക്യ രഹാനെ (5) എന്നീ താരങ്ങളുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
വെളിച്ചക്കുറവ് മൂലം മത്സരം താല്‍ക്കാലികമായി അവസാനിക്കും മുമ്പെ 125 റൺസാണ് ഇന്ത്യന്‍ ടോട്ടലിലുള്ളത്. അര്‍ധ സെഞ്ചുറി നേടിയ കെഎല്‍ രാഹുലും (148 പന്തില്‍ 57*), ഏഴ് റണ്‍സുമായി റിഷഭ് പന്തുമാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍റേഴ്സണ്‍ രണ്ടും ഒല്ലി റോബിൻസൺ ഒന്നും വിക്കറ്റ് വീഴ്ത്തി.
അതേസമയം ടോസ് നേടി ബാറ്റു ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 183 റണ്‍സ് നേടിയിരുന്നു. 108 പന്തില്‍ 64 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍. സാം കറണ്‍ (27*) , ജോണി ബെയര്‍സ്റ്റോ(29), സാക്ക് ക്രോളി (27), എന്നിവര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
also read: ഒളിമ്പിക് ഹോക്കി: ഓസ്ട്രേലിയയെ തകര്‍ത്ത് ബെല്‍ജിയം ചാമ്പ്യന്മാര്‍
റോറി ബേണ്‍സ് (0), ഡോം സിബ്ലി (18), ഡാൻ ലോറൻസ് (0), ജോസ് ബട്ടലര്‍ (0), ഒല്ലി റോബിൻസൺ (0), സ്റ്റുവര്‍ട്ട് ബോര്‍ഡ്,(4), ജെയിംസ് ആന്‍റേഴ്സണ്‍ (1) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംമ്ര നാല് വിക്കറ്റും, മുഹമ്മഷ് ഷമി മൂന്ന് വിക്കറ്റും, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ രണ്ട് വിക്കറ്റും വീഴ്ത്തി, മുഹമ്മദ് സിറാജ് ഒരു വിക്കറ്റ് കണ്ടെത്തി.