ടറൗബ: അന്താരാഷ്‌ട്ര ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് തിരിച്ചുപിടിച്ച് ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ. വിന്‍ഡീസിനെതിരായ ഒന്നാം ടി20യിലെ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയാണ് രോഹിത് വീണ്ടും ഒന്നാമതെത്തിയത്. മത്സരത്തില്‍ 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 64 റണ്‍സാണ് രോഹിത്ത് അടിച്ച് കൂട്ടിയത്.
നിലവില്‍ 129 ടി20 മത്സങ്ങളില്‍ നിന്നും 27 അര്‍ധ സെഞ്ച്വറികളും നാല് സെഞ്ച്വറികളും സഹിതം 32.48 ശരാശരിയില്‍ 3,443 റണ്‍സാണ് രോഹിത്തിനുള്ളത്. ഇതോടെ ന്യൂസിലന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്‌റ്റിലാണ് രണ്ടാമതായത്. 116 മത്സരങ്ങളില്‍ 20 അര്‍ധ സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയും സഹിതം 32.37 ശരാശരിയില്‍ നിലവില്‍ 3,399 റണ്‍സാണ് ഗപ്‌റ്റിലിനുള്ളത്.
3,308 റണ്‍സുമായി ഇന്ത്യയുടെ മുന്‍ ക്യാപ്‌റ്റന്‍ വിരാട് കോലിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 99 മത്സരങ്ങളില്‍ 50.12 ശരാശരിയിലാണ് കോലിയുടെ പ്രകടനം. അയർലൻഡിന്‍റെ പോൾ സ്റ്റിർലിങ് (2,894 റൺസ്), ഓസ്‌ട്രേലിയൻ ക്യാപ്‌റ്റൻ ആരോൺ ഫിഞ്ച് (2,855 റൺസ്) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനത്തുള്ളത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ 68 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം പിടിച്ചിരുന്നു. രോഹിത്തിന് പുറമെ ദിനേഷ് കാര്‍ത്തികും (19 പന്തില്‍ 41) മിന്നിയപ്പോള്‍ 191 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ വിന്‍ഡീസിന് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ വിന്‍ഡീസ് മറുപടി നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 122 റണ്‍സില്‍ അവസാനിച്ചു.
അച്ചടക്കത്തോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയാണ് വിന്‍ഡീസിനെ പ്രതിരോധത്തിലാക്കിയത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്‌ദീപ് സിങ്, രവിചന്ദ്രന്‍ അശ്വിന്‍, രവി ബിഷ്‌ണോയി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 15 പന്തില്‍ 20 റണ്‍സ് നേടിയ ഓപ്പണര്‍ ഷമ്രാ ബ്രൂക്‌സാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.