ടറൗബ: വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഒന്നാം ടി20യില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയതില്‍ കടുത്ത വിമര്‍ശനവുമായി ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ്. ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത്തിന്‍റെയും കോച്ച് രാഹുല്‍ ദ്രാവിഡിന്‍റെയും തീരുമാനത്തിന് പിന്നിലെ കാരണം മനസിലാകുന്നില്ലെന്ന് കൈഫ് പറഞ്ഞു. ഓപ്പണറായി റിഷഭ് പന്തിന് കൂടുതല്‍ അവസരം നല്‍കണമെന്നും കൈഫ് അഭിപ്രായപ്പെട്ടു.
''ആ തീരുമാനം എന്തായിരുന്നെങ്കിലും എനിക്ക് മനസിലാകുന്നില്ല. നിങ്ങള്‍ കഴിഞ്ഞ 2-3 മത്സരങ്ങളില്‍ റിഷഭ് പന്തിനെ ഓപ്പണറാക്കിയെങ്കില്‍, ഈ മത്സരത്തിലും പന്തിനെ ഓപ്പണര്‍ സ്ഥാനത്ത് നിലനിര്‍ത്തുകയാണ് ചെയ്യേണ്ടിയിരുന്നത്. ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും പന്തിന് അവസരം നല്‍കണം.
5-6 മത്സരങ്ങളില്‍ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് ക്യാപ്‌റ്റൻ രോഹിത് ശർമയുടെയും കോച്ച് രാഹുൽ ദ്രാവിഡിന്‍റെയും നിലപാട്. എന്നാല്‍ പന്തിന്‍റെ കാര്യത്തില്‍ ഇതുണ്ടായില്ല. മധ്യനിരയില്‍ ഇന്നിങ്‌സിനെ നിയന്ത്രിച്ച് ഫിനിഷിങ് ടച്ച് നല്‍കുകയാണ് സൂര്യകുമാറിന്‍റെ റോള്‍.
വാസ്‌തവത്തിൽ, കോലിയും രാഹുലും തിരിച്ചെത്തുമ്പോൾ സൂര്യകുമാറിന്‍റെ സ്ഥാനം നാലാമത് തന്നെയായിരിക്കും. പന്തിനെ ഓപ്പണിങ്ങില്‍ വീണ്ടും പരീക്ഷിക്കണമായിരുന്നു. ഇവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഇഷാൻ കിഷനും അവസരത്തിനായി കാത്തിരിക്കുന്നു'', കൈഫ് പറഞ്ഞു.
മത്സരത്തില്‍ 16 പന്തില്‍ നിന്ന് മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. അതേസമയം ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയില്‍ അവസാന രണ്ട് മത്സരങ്ങളില്‍ റിഷഭ് പന്താണ് രോഹിത്തിനൊപ്പം ഓപ്പണറുടെ റോളിലെത്തിയത്.
ആദ്യ മത്സരത്തില്‍ ഇഷന്‍ കിഷനായിരുന്നു രോഹിത്തിനൊപ്പം ഇറങ്ങിയത്. വിന്‍ഡീസിനൊപ്പം ഇവരില്‍ ആരാവും രോഹിത്തിനൊപ്പം എത്തുകയെന്ന ചോദ്യങ്ങള്‍ ഉയരവെ അപ്രതീക്ഷിതമായിരുന്നു സൂര്യകുമാറിന്‍റെ വരവ്.