അഹമ്മദാബാദ് : വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിന പരമ്പരയിൽ തനിക്കൊപ്പം ആര് ഓപ്പണറാകും എന്ന് വ്യക്‌തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. കഴിഞ്ഞ ദിവസമാണ് ടീമിലെ രണ്ട് ഓപ്പണർമാർ ഉൾപ്പടെ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ യുവതാരം ഇഷാൻ കിഷൻ തന്നോടൊപ്പം ഓപ്പണറാകും എന്ന് അറിയിച്ചിരിക്കുകയാണ് രോഹിത് ശർമ.
മായങ്കിനെ കഴിഞ്ഞ ദിവസങ്ങളിലാണ് ടീമിലേക്ക് ചേർത്തത്. അവൻ ഇപ്പോഴും ക്വാറന്‍റൈനിലാണ്. ആദ്യ ഏകദിനത്തിന് മുൻപ് അവന്‍റെ ക്വാറന്‍റൈൻ പൂർത്തിയാകില്ല. അതിനാൽ ഞങ്ങൾക്ക് മുന്നിലുള്ള ഒരേ ഒരു മാർഗം ഇഷാൻ കിഷനാണ്. അതിനാൽ ഇഷാൻ എനിക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്യും, രോഹിത് പറഞ്ഞു.
ധവാൻ, ശ്രേയസ് അയ്യർ, ഗെയ്‌ക്‌വാദ് എന്നിവർ ഇപ്പോഴും ഐസൊലേഷനിലാണ്. അവർ എപ്പോൾ പൂർണ ആരോഗ്യവാനായി തിരികെയെത്തും എന്ന് പറയാൻ കഴിയില്ല. എന്നാൽ അവരുടെ ആരോഗ്യം വളരെയേറെ മെച്ചപ്പെട്ടിട്ടുണ്ട്. ഉടനെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷ, രോഹിത് കൂട്ടിച്ചേർത്തു.
ALSO READ: ആഷസ് തോല്‍വി ; സിൽവർവുഡിന് പിന്നാലെ ഗ്രഹാം തോർപ്പും പുറത്ത്
ശിഖർ ധവാൻ,ശ്രേയസ് അയ്യർ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവർക്കും റിസർവ് താരമായ നവ്‌ദീപ് സെയ്‌നിക്കുമാണ് ഇന്ത്യൻ ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരെക്കൂടാതെ മൂന്ന് സപ്പോർട്ടിങ് സ്റ്റാഫിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പരിശോധനയിൽ മറ്റ് താരങ്ങൾ എല്ലാം തന്നെ നെഗറ്റീവായതിനാൽ പരമ്പരയുമായി മുന്നോട്ട് പോകാൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരി 6, 9, 11 തിയ്യതികളില്‍ അഹമ്മദാബാദിലെ നരേന്ദ്രമോദി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 16, 18, 20 തിയ്യതികളില്‍ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര നടക്കുക.