മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളെ ബിസിസിഐ പ്രഖ്യാപിച്ചയുടൻ വിമർശനങ്ങളും പിന്നാലെയെത്തി. എങ്ങനെ വിമർശനം വരാതിരിക്കും എന്ന് മാത്രമാണ് അറിയേണ്ടിയിരുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും പ്രകടനം നടത്തിയ മുംബൈ ബാറ്റര്‍ സർഫറാസ് ഖാന്‍റെ പേരു പോലും സെലക്‌ടർമാർ പരിഗണിക്കാതിരുന്നതാണ് വിമർശനങ്ങൾക്ക് കാരണം.
രഞ്‌ജി ടോഫിയുടെ കഴിഞ്ഞ സീസണുകളില്‍ ഏറെ റണ്‍സടിച്ച് കൂട്ടിയിട്ടും ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ താരത്തിന് മുന്നില്‍ തുറക്കപ്പെട്ടിട്ടില്ല. ഇപ്പോഴിതാ സര്‍ഫറാസിനെ തുടര്‍ച്ചയായി അവഗണിക്കുന്ന ബിസിസിഐ സെലക്‌ടര്‍മാര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
സർഫറാസിനെ തുടർച്ചയായി അവഗണിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമാക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. "സർഫറാസ് ഇനിയും എന്താണ് ചെയ്യേണ്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ അവന്‍ നേടിയ റണ്‍സ് നോക്കിയാല്‍, എല്ലാവരേക്കാളും ഏറെ കൂടുതലാണെന്ന് കാണാം.
എല്ലായിടത്തും അവൻ റണ്‍സ് നേടിയിട്ടുണ്ട്. എന്നിട്ടും അവന് ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ ലഭിച്ചില്ലെങ്കില്‍ എന്ത് സന്ദേശമാണ് അതു നൽകുന്നത്?" - ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പുറത്ത് വിട്ട വിഡിയോയില്‍ ചോദിച്ചു.
സര്‍ഫറാസിനെ ടീമില്‍ എടുക്കാത്തതിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടെങ്കില്‍ അതു തുറന്ന് പറയണമെന്നും ആകാശ് ചോപ്ര ആവശ്യപ്പെട്ടു. "ഇത് ചോദിക്കേണ്ട ഒരു ചോദ്യം തന്നെയാണ്. സര്‍ഫറാസിനെ ടീമിലെടുക്കാത്തതില്‍ എനിക്കും നിങ്ങൾക്കും അറിയാത്ത മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിൽ അത് പരസ്യമാക്കൂ.
സർഫറാസിന്‍റെ ഒരു കാര്യം നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടില്ല എങ്കില്‍ അതു പറയാന്‍ തയ്യാറാവണം. അതുകൊണ്ടാണ് നിങ്ങൾ അവനെ പരിഗണിക്കാതിരിക്കുന്നതെന്നും പറയണം. പക്ഷെ, അങ്ങനെ എന്തെങ്കിലും ഉണ്ടോ എന്ന് ഞങ്ങൾക്ക് അറിയില്ല.
ആരെങ്കിലും അങ്ങനെ സർഫറാസിനോട് പറഞ്ഞിട്ടുണ്ടാവുമെന്നും തോന്നുന്നില്ല. ഫസ്റ്റ് ക്ലാസ് റൺസിന് നിങ്ങൾ മൂല്യം നൽകുന്നില്ലെങ്കിൽ, അതു ശരിയായ കാര്യമല്ല"- ആകാശ് ചോപ്ര വ്യക്തമാക്കി.
ALSO READ: 'നൗഷാദ് ഖാന്‍റെ മകൻ റെഡിയാണ്'... ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാതില്‍ ദയവായി അടയ്ക്കരുത്..
ഐപിഎല്ലില്‍ തിളങ്ങാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ അടുത്ത കാലത്തായി ഏറെ സ്ഥിരതയോടെ കളിക്കുന്ന താരമാണ് സര്‍ഫറാസ്. ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് താരത്തെ പരിഗണിക്കാത്തത് നേരത്തേയും ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ താരത്തിന് ഇന്ത്യയ്‌ക്കായി കളിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് പകരക്കാരനായാവും താരം എത്തുകയെന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് എന്നിവര്‍ക്കാണ് സ്‌ക്വാഡിലേക്ക് വിളിയെത്തിയത്. ഇതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റെഡ് ബോള്‍ ടീമിലേക്കുള്ള ബിസിസിഐ സെലട്‌കര്‍മാരുടെ തെരഞ്ഞെടുപ്പിന്‍റെ യുക്തി ഏറെ പേര്‍ ചോദ്യം ചെയ്യുന്നുണ്ട്.
ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.