ന്യൂഡല്‍ഹി: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റിലി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം. ചാറ്റല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ മത്സരം വൈകിയേക്കും.
കളിച്ച രണ്ട് മത്സരങ്ങളില്‍ ഒരോന്ന് വീതം ഇരുസംഘവും വിജയിച്ചിരുന്നു. ലഖ്‌നൗവില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. എന്നാല്‍ റാഞ്ചിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയാണ് സംഘം ഒപ്പമെത്തിയത്. ഇതോടെ ലോകകപ്പ് സൂപ്പര്‍ ലീഗിന്‍റെ ഭാഗമായ പരമ്പരയുടെ ജേതാക്കളെ നിശ്ചയിക്കുന്ന മത്സരം കൂടിയാണിത്.
ഇന്ത്യയെ സംബന്ധിച്ച് ഓപ്പണര്‍മാരുടെ ഫോമാണ് ആശങ്ക. കളിച്ച രണ്ട് മത്സരങ്ങളിലും ഓപ്പണിങ് ജോഡിയായ ശിഖര്‍ധവാനും ശുഭ്‌മാന്‍ ഗില്ലിനും തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്‌ജു സാംസണ്‍ എന്നിവരുടെ മിന്നും ഫോം ടീമിന് ആത്മവിശ്വാസമാണ്. ബോളിങ് യൂണിറ്റില്‍ മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനം നിര്‍ണായകമാവും.
പ്രോട്ടീസിനെ സംബന്ധിച്ച് ടി20 ലോകകപ്പിന് മുന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയ്‌ക്ക് ഫോം തെളിയിക്കാനുള്ള അവസാന അവസരമാണിത്. എന്നാല്‍ അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ പരമ്പര വിജയം അനിവാര്യമാണെന്നിരിക്കെ താരം പ്ലേയിങ് ഇലവനിലെത്തുമോയെന്ന് ഉറപ്പില്ല. സൂപ്പര്‍ ലീഗ് പോയിന്‍റ് ടേബിളില്‍ നിലവില്‍ 11ാം സ്ഥാനത്താണ് പ്രോട്ടീസ്.
15 മത്സരങ്ങളില്‍ നിന്നും അഞ്ച് ജയം മാത്രമുള്ള ദക്ഷിണാഫ്രിക്കയ്‌ക്ക് 59 പോയിന്‍റാണുള്ളത്. ഇന്ന് ഡല്‍ഹിയില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ സംഘത്തിന് ഒമ്പതാം സ്ഥാനത്തേക്ക് ഉയരാം. ടി20 ലോകകപ്പോടെ വിരമിക്കല്‍ പ്രഖ്യാപിച്ച പ്രോട്ടീസ് കോച്ച് മാര്‍ക്ക് ബൗച്ചറുടെ അവാസാന പരമ്പര കൂടിയാണിത്.
പിച്ച് റിപ്പോര്‍ട്ട്: അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ പിച്ച് പൊതുവെ മന്ദഗതിയിലുള്ള ഒരു പ്രതലമാണ്. ചെറിയ ബൗണ്ടറി ബാറ്റര്‍മാര്‍ക്ക് ഗുണം ചെയ്യും. പിച്ചിന്‍റെ മന്ദഗതിയിലുള്ള സ്വഭാവം സ്പിന്നർമാർക്ക് ഉപയോഗിക്കാൻ കഴിഞ്ഞേക്കും. 236 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാണ് ഇവിടെ വിജയ ശതമാനം കൂടുതല്‍. 80 ശതമാനമാണിത്.
മത്സരം എവിടെ കാണാം: ഇന്ത്യ vs ദക്ഷിണാഫ്രിക്ക ഏകദിന മത്സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യൻ സ്ക്വാഡ്: ശിഖർ ധവാൻ (ക്യാപ്റ്റൻ), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ (വൈസ് ക്യാപ്റ്റൻ), രജത് പടിദാർ, രാഹുൽ ത്രിപാഠി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഷഹ്ബാസ് അഹമ്മദ്, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാർ, ആവേശ് ഖാൻ, മുഹമ്മദ് സിറാജ്, വാഷിങ്‌ടൺ സുന്ദർ.
ദക്ഷിണാഫ്രിക്കന്‍ ടീം: ടെംബ ബാവുമ (ക്യാപ്‌റ്റന്‍), ക്വിന്‍റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റീസ ഹെൻറിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, ജാനെമാൻ മലൻ, എയ്‌ഡൻ മാർക്രം, ഡേവിഡ് മില്ലർ, ലുങ്കി എൻഗിഡി, ആൻറിച്ച് നോർട്ട്ജെ, വെയ്ൻ പാർനെൽ, ആൻഡിലെ ഫെഹ്ലുക്വായോ, ഡ്വെയ്ൻ പ്രിട്ടോറിയസ്, കഗി പ്രിട്ടോറിയസ്.