ഗുവാഹത്തി : ഇന്ത്യvs ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിന്‍റെ ആവേശത്തിലാണ് ആരാധകര്‍. ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ ഞായറാഴ്‌ച വൈകീട്ട് ഏഴുമണിക്കാണ് കളി തുടങ്ങുന്നത്. മത്സരം കാണാനുള്ള മുഴുവന്‍ ടിക്കറ്റുകളും മണിക്കൂറുകള്‍ക്കകം വിറ്റുതീര്‍ന്നതായി അറിയിച്ചിരിക്കുകയാണ് അധികൃതര്‍.
ടിക്കറ്റ് വില്‍പ്പനയിലെ സുതാര്യത ആരാധകരില്‍ അവേശം വർധിപ്പിച്ചതായി അസം ക്രിക്കറ്റ് അസോസിയേഷൻ (എസിഎ) സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. "ഞങ്ങൾ ഫുൾ ഹൗസ് പ്രതീക്ഷിക്കുന്നു. ഏകദേശം 38,000 സീറ്റുകളിൽ 21,200 എണ്ണം പൊതുജനങ്ങൾക്കുള്ളതായിരുന്നു. ടിക്കറ്റുകൾ രണ്ട് ഘട്ടങ്ങളിലായി ഓൺലൈനിൽ വിറ്റു. മണിക്കൂറുകള്‍ക്കകമാണ് ഇവ വിറ്റുതീർന്നത്" - ദേവജിത് സൈകിയ പറഞ്ഞു.
ജില്ല അസോസിയേഷനുകൾ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കിയ 12,000 ടിക്കറ്റുകളില്‍ ഭൂരിഭാഗവും വിറ്റുപോയതായും സൈകിയ പറഞ്ഞു. ഇവയില്‍ 100 എണ്ണം മാത്രമാണ് തിരികെ വന്നത്. ഇത്തരം ടിക്കറ്റുകളില്‍ 40 മുതല്‍ 50 ശതമാനവും വിറ്റുപോവാതെ തിരികെയത്താറാണ് പതിവെന്നും സൈകിയ കൂട്ടിച്ചേര്‍ത്തു.
ബാക്കി ടിക്കറ്റുകൾ സംസ്ഥാന അസോസിയേഷനുകൾക്ക് അയച്ചുകൊടുക്കുകയും ചിലത് വിശിഷ്ടാതിഥികൾക്കും ക്ഷണിതാക്കൾക്കും കോംപ്ലിമെന്‍ററി പാസുകളായി നൽകുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 39,500 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയമെങ്കിലും 1500 എണ്ണം 'കിൽഡ് സീറ്റുകൾ' ആയാണ് കണക്കാക്കുന്നത്. ഇവിടെ നിന്നും മൈതാനത്തേക്ക് കാഴ്ച ലഭ്യമാവില്ല.
അതേസമയം മൂന്ന് മത്സര ടി20 പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ഗുവാഹത്തിയില്‍ ജയിക്കാനായാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്‌ക്ക് പരമ്പര നേടാം.