കറാച്ചി: മോശം ഫോമിനെത്തുടര്‍ന്നുള്ള ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലിയുടെ ബാറ്റിങ്ങിലായിരുന്നു പാകിസ്ഥാനെതിരായ മത്സരത്തില്‍ ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്നത്. 34 പന്തില്‍ 35 റണ്‍സെടിച്ച് രവീന്ദ്ര ജഡേജയോടൊപ്പം ഇന്ത്യയുടെ ജോയിന്‍റ് ടോപ് സ്കോററാവാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെട്ട താരത്തിന് രണ്ട് തവണ ജീവന്‍ ലഭിച്ചിരുന്നു.
അർധസെഞ്ച്വറിയിലേക്കെന്ന് തോന്നിച്ച സമയം പാകിസ്ഥാന്‍റെ ഇടങ്കയ്യന്‍ സ്‌പിന്നര്‍ മുഹമ്മദ് നവാസിന്‍റെ പന്തില്‍ കൂറ്റന്‍ ഷോട്ടിന് ശ്രമിച്ചാണ് കോലി പുറത്തായത്. ഇപ്പോഴിതാ കോലിക്കെതിരെ വിമര്‍ശനമുന്നിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ. കോലി വീണ്ടും പരാജയപ്പെട്ടുവെന്നാണ് കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞിരിക്കുന്നത്.
"വിരാട് കോലി - എല്ലാവരുടെയും കണ്ണ് അദ്ദേഹത്തിലേക്കായിരുന്നു. പക്ഷെ അദ്ദേഹം വീണ്ടും പരാജയപ്പെട്ടു. തുടക്കത്തിൽ താളം കണ്ടെത്താന്‍ കോലി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടു. ചില ഇന്‍സൈഡ് എഡ്‌ജുകളുണ്ടായിരുന്നു. നിർഭാഗ്യവശാൽ, ഇൻസൈഡ് എഡ്ജിനാലാണ് കെഎൽ രാഹുലിന്‍റെ കുറ്റി തെറിച്ചത് ". കനേരിയ പറഞ്ഞു.
"ഒരു ഇടങ്കയ്യന്‍ സ്പിന്നറിനെതിരെ എക്സ്ട്രാ കവറിനു മുകളിലൂടെ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് കോലി പുറത്തായത്. നേരത്തെ സച്ചിന്‍ മനോഹരമായി കളിച്ചിരുന്ന ഷോട്ടാണിത്. എന്നാല്‍ ഈ ഷോട്ട് കളിക്കുമ്പോള്‍ കോലി പരാജയപ്പെടുന്നുണ്ടെന്നും, അതിനാല്‍ ആ ഷോട്ടിന് ശ്രമിക്കരുതെന്നും കോലിയെ ഉപദേശിച്ചിരുന്നതായി എന്നോട് ഒരാള്‍ പറഞ്ഞിരുന്നു.
നേരിട്ട രണ്ടാം പന്തില്‍ കോലി പുറത്താവാതിരുന്നത് ഭാഗ്യം കൊണ്ടാണ്. നസീം ഷായുടെ പന്തില്‍ ലഭിച്ച ക്യാച്ച് ഫഖർ സമാന് പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ഭാഗ്യമായി. തന്‍റെ ഇന്നിങ്‌സിനിടയിൽ ഒരു മികച്ച ഷോട്ട് മാത്രമാണ് വിരാട് കോലി കളിച്ചത്. അതല്ലാതെ മറ്റ് മികച്ച ഷോട്ടുകളുണ്ടായിരുന്നില്ല. തീര്‍ച്ചയായും കോലി റൺസ് സ്കോർ ചെയ്യണം". കനേരിയ പറഞ്ഞു.
also read: ഏഷ്യ കപ്പ് : ബാബറിന് പിഴച്ചത് അവിടെ ; ചൂണ്ടിക്കാട്ടി വസീം അക്രം