കറാച്ചി : ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാൻ ഗിൽ 'മിനി' രോഹിത് ശര്‍മയാണെന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ റമീസ് രാജ. റായ്‌പൂരില്‍ ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 40 റൺസുമായി ഗില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് റമീസ് രാജയുടെ വാക്കുകള്‍. തന്‍റെ കളിശൈലിയില്‍ ഗില്‍ ഒരു മാറ്റവും വരുത്തേണ്ടതില്ലെന്നും റമീസ് രാജ പറഞ്ഞു.
"ശുഭ്‌മാൻ ഗിൽ ഒരു 'മിനി' രോഹിത് ശർമയെപ്പോലെയാണ്. മികച്ച ടൈമിങ്ങും ടെച്ചുമാണ് ഗില്ലിനുള്ളത്. മതിയായ കഴിവുള്ള താരമാണ് ഗില്‍.
കാലക്രമേണ അവന്‍റെ ആക്രമണാത്മകതയും വികസിക്കും. കളിയില്‍ യാതൊരു മാറ്റവും അവന്‍ വരുത്തേണ്ടതില്ല. അടുത്തിടെയാണ് അവന്‍ ഇരട്ട സെഞ്ചുറി നേടിയത്" - പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായ റമീസ് രാജ പറഞ്ഞു.
റായ്‌പൂരിലെ പ്രകടനത്തിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയേയും റമീസ് രാജ പുകഴ്‌ത്തി. "രോഹിത് ശർമയെപ്പോലെ മികച്ച ബാറ്റര്‍മാരുള്ളതിനാല്‍ ഇന്ത്യക്ക് റണ്‍സ് നേടല്‍ എളുപ്പമായിരുന്നു. വളരെ മികച്ച രീതിയിലാണ് രോഹിത് കളിച്ചത്.
താരത്തിന്‍റെ ഹുക്ക് ഷോട്ടുകളും പുൾ ഷോട്ടുകളും അതിശയകരമായിരുന്നു" - റമീസ് രാജ പറഞ്ഞു. ബാറ്റിങ് യൂണിറ്റ് വളരെ ശക്തമായ ഇന്ത്യയ്‌ക്ക് ഏകദിന ക്രിക്കറ്റിലും ടെസ്റ്റിലും കൂടുതല്‍ തിളങ്ങണമെങ്കില്‍ ബോളര്‍മാരുടെ പ്രകടനം നിര്‍ണായകമാണ്. ടോപ് ഓര്‍ഡറിലെ ചില ബാറ്റര്‍മാര്‍ക്ക് ഫ്രണ്ട് ഫൂട്ടില്‍ മികവോടെ കളിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം റായ്‌പൂരില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ എട്ട് വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ കിവീസിനെതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്‌ത സന്ദര്‍ശകരെ 34.3 ഓവറില്‍ 108 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിലാണ് ജയം കണ്ടത്.
ALSO READ: IND VS NZ: ബോളിങ്ങിലും ബാറ്റിങ്ങിലും സർവാധിപത്യം; ന്യൂസിലന്‍ഡിനെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ
ഇന്ത്യയ്‌ക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടി. ആറ് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പേസര്‍ മുഹമ്മദ് ഷമിയുടെ പ്രകടനവും അതിഥേയര്‍ക്ക് നിര്‍ണായകമായി. ഷമിയാണ് മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.