നേപിയര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യയ്‌ക്ക് 161 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 19.4 ഓവറില്‍ 160 റണ്‍സില്‍ പുറത്തായി. ഡെവൺ കോൺവേ, ഗ്ലെൻ ഫിലിപ്‌സ് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് കിവീസ് ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവരാണ് കിവീസിനെ എറിഞ്ഞിട്ടത്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിന് പവര്‍പ്ലേ കഴിയും മുമ്പ് രണ്ട് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. ഫിന്‍ അലന്‍ (3), മാക്ക് ചാപ്‌മാന്‍ (12) എന്നിവരാണ് വേഗം മടങ്ങിയത്. അലനെ അര്‍ഷ്‌ദീപ് സിങ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ചാപ്‌മാനെ മുഹമ്മദ് സിറാജിന്‍റെ പന്തില്‍ അര്‍ഷ്‌ദീപ് പിടികൂടുകയായിരുന്നു.
തുടര്‍ന്ന് ഒന്നിച്ച കോൺവേയും ഫിലിപ്‌സും കിവീസിനെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റില്‍ 86 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്. 16-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഫിലിപ്‌സിനെ വീഴ്‌ത്തി മുഹമ്മദ് സിറാജാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 33 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 54 റണ്‍സാണ് താരം നേടിയത്.
തൊട്ടടുത്ത ഓവറില്‍ കോണ്‍വേ അര്‍ഷ്‌ദീപ് ഇഷാന്‍ കിഷന്‍റെ കയ്യിലെത്തിച്ചതോടെ കിവീസ് പ്രതിരോധത്തിലായി. 49 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 59 റണ്‍സെടുത്താണ് കോണ്‍വേ തിരിച്ച് കയറിയത്. തുടര്‍ന്നെത്തിയ ജെയിംസ് നീഷാം (0), മിച്ചല്‍ സാന്‍റ്‌നര്‍ (1) എന്നിവര്‍ വേഗം മടങ്ങിയതോടെ 17.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സ് എന്ന നിലയിലേക്ക് സംഘം പരുങ്ങി.
പിന്നീടെത്തിയ ഡാരിൽ മിച്ചൽ (10), ഇഷ് സോധി (0), ആദം മില്‍നെ (0), ടിം സൗത്തി (6) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല. ലോക്കി ഫെര്‍ഗൂസണ്‍ (5) പുറത്താവാതെ നിന്നു. ഇന്ത്യയ്‌ക്കായി മുഹമ്മദ് സിറാജ് നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയും അര്‍ഷ്‌ദീപ് 37 റണ്‍സ് വിട്ടുകൊടുത്തുമാണ് നാല് വിക്കറ്റ് പ്രകടനം നടത്തിയത്. ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.