നേപിയർ: ഇന്ത്യ vs ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 12 മണിക്ക് നേപിയറിലെ മക്ലീൻ പാർക്കിലാണ് മത്സരം ആരംഭിക്കുക. പരമ്പരയില്‍ നിലവില്‍ 1-0ത്തിന് മുന്നിലാണ് ഇന്ത്യ.
വെല്ലിങ്‌ടണില്‍ നടന്ന ആദ്യ മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ ബേ ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഇന്ന് ജയിച്ചാല്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം.മലയാളി താരം സഞ്ജു സാംസണ് സാധ്യതയുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ റിഷഭ് പന്തിനെയും ഇഷാൻ കിഷനെയും ഓപ്പണർമാരാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വേണ്ടത്ര വിജയിച്ചിരുന്നില്ല. സഞ്ജു പ്ലേയിങ് ഇലവനിലെത്തിയാല്‍ ഇഷാന്‍ പുറത്തിരുന്നേക്കും. ഉമ്രാന്‍ മാലിക്, ശുഭ്മാൻ ഗിൽ, ഹർഷൽ പട്ടേൽ എന്നിവരും അവസരം കാത്തിരിക്കുന്നുണ്ട്.
മറുവശത്ത് പരമ്പരയില്‍ സമനില നേടാനെത്തുന്ന കിവീസിന് ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ അഭാവം തിരിച്ചടിയാവും. മുന്‍നിശ്ചയപ്രകാരം മെഡിക്കല്‍ അപ്പോയിന്‍റ്‌മെന്‍റ് കാരണമാണ് വില്യംസണ്‍ കളിക്കാതിരിക്കുന്നതെന്ന് ന്യൂസിലൻഡ് കോച്ച് ഗാരി സ്റ്റെഡ് അറിയിച്ചിരുന്നു.
വില്യംസണിന്‍റെ അഭാവത്തില്‍ പേസര്‍ ടിം സൗത്തിക്കാണ് ടീമിന്‍റെ നായക ചുമതല. മാര്‍ക്ക് ചാപ്‌മാനെയാണ് പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.
പിച്ച് റിപ്പോര്‍ട്ട്: ന്യൂസിലൻഡിലെ ഏറ്റവും മികച്ച ബാറ്റിങ് പിച്ചുകളിലൊന്നാണ് നേപിയറിലെ മക്ലീൻ പാർക്കിലേത്. 171 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. മുമ്പ് ഈ വേദികളില്‍ അഞ്ച് ടി20 മത്സരങ്ങള്‍ മാത്രമാണ് നടന്നത്. ഇതില്‍ മൂന്ന് തവണ രണ്ടാമത് ബാറ്റ് ചെയ്‌ത ടീമാണ് വിജയം നേടിയത്.
സാധ്യത ഇലവന്‍
ഇന്ത്യ: ഇഷാൻ കിഷൻ/സഞ്ജു സാംസൺ, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ദീപക് ഹൂഡ, ഹാർദിക് പാണ്ഡ്യ (സി), വാഷിങ്‌ടൺ സുന്ദർ, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചാഹൽ.
ന്യൂസിലന്‍ഡ്: ഫിൻ അലൻ, ഡെവൺ കോൺവേ, മാർക്ക് ചാപ്മാൻ, ഗ്ലെൻ ഫിലിപ്സ്, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, മിച്ചൽ സാന്‍റ്‌നർ, ഇഷ് സോധി, ടിം സൗത്തി (സി), ആദം മിൽനെ, ലോക്കി ഫെർഗൂസൺ.