ലണ്ടന്‍: മോശം ഫോമിനാല്‍ വലയുന്ന വിരാട് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഉപദേശം തേടണമെന്ന് ഇന്ത്യന്‍ മുന്‍ താരം അജയ് ജഡേജ. കോലി കടന്നുപോകുന്ന മാനസികാവസ്ഥ മനസിലാകുന്ന ഒരേയൊരാൾ സച്ചിനാണ്. കോലി ഇതിന് തയ്യാറായില്ലെങ്കില്‍ സച്ചിന്‍ താരത്തെ വിളിക്കണമെന്നും അജയ് ജഡേജ പറഞ്ഞു.
ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന ചെറുപ്പക്കാരെ സഹായിക്കേണ്ടത് മുതിർന്നവരുടെ കടമയാണ്. സച്ചിന്‍ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. പരിചയ സമ്പന്നൻ എന്ന നിലയിലും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ വ്യക്തി എന്ന നിലയിലും സച്ചിന് കൃത്യമായ ഉപദേശം നൽകാൻ കഴിയും. ഇക്കാര്യം താന്‍ എട്ട് മാസങ്ങള്‍ക്ക് മുന്നെ തന്നെ പറഞ്ഞിരുന്നുവെന്നും ജഡേജ സോണി സിക്‌സില്‍ പറഞ്ഞു.
കോലി റണ്‍സ് നേടിയത് ഇപ്പോഴത്തെ ബാറ്റിങ് തന്ത്രങ്ങള്‍ ഉപയോഗിച്ച് തന്നെയാണ്. ശാരീരികമായി കോലിക്ക് ഒരു മാറ്റവുമില്ല. താരത്തിന്‍റെ മനോഭാവത്തിലാണ് മാറ്റമുണ്ടാകേണ്ടതെന്നാണ് കരുതുന്നതെന്നും ജഡേജ വ്യക്തമാക്കി.
ഇന്ത്യയുടെ റണ്‍മെഷീനായിരുന്ന കോലി അവസാന അന്താരാഷ്‌ട്ര സെഞ്ച്വറി നേടിയത് 2019 നവംബറിലാണ്. ഇതിന് ശേഷം 78 ഇന്നിങ്‌സുകള്‍ കളിച്ച താരത്തിന് മൂന്നക്കം തൊടാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലും ടി20 പരമ്പരയില്‍ പരാജയപ്പെട്ട താരം ഏകദിനത്തിലും മങ്ങിയിരുന്നു.
also read: കോലി ക്രിസ്റ്റ്യാനോയെ പോലെ; ബിസിസിഐക്ക് ഒഴിവാക്കാനാവില്ലെന്ന് മോണ്ടി പനേസർ
പരിക്കിനെ തുടര്‍ന്ന് ആദ്യ ഏകദിനം നഷ്‌ടമായ താരം ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം മത്സരത്തിലാണ് കളിക്കാനിറങ്ങിയത്. മത്സരത്തില്‍ 25 പന്തിൽ മൂന്ന് ഫോറുകളോടെ 16 റൺസാണ് കോലിയുടെ സമ്പാദ്യം. നല്ല തുടക്കം കിട്ടിയെങ്കിലും മുതലാക്കാതെയാണ് താരം തിരിച്ച് കയറിയത്. അതേസമയം ജൂലൈയില്‍ നടക്കുന്ന വെസ്റ്റ്‌ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും താരത്തെ ഒഴിവാക്കിയിട്ടുണ്ട്.