ദുബായ്: ഓവലില്‍ ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ ജയത്തോടെ ഏകദിന ടീം റാങ്കിങ്ങിലും നേട്ടം കൊയ്‌ത് ഇന്ത്യ. ബുധനാഴ്‌ച പുറത്ത് വിട്ട ഏറ്റവും പുതിയ റാങ്കിങ്ങില്‍ ചിരവൈരികളായ പാകിസ്ഥാനെ മറികടന്ന ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറി. 108 റേറ്റിങ് പോയിന്‍റോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്.
ഈ മത്സരത്തിന് മുന്നെ 105 റേറ്റിങ് പോയിന്‍റാണ് ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. നിലവില്‍ നാലാം സ്ഥാനത്തുള്ള സ്ഥാനത്തുള്ള പാകിസ്ഥാന് 106 റേറ്റിങ് പോയിന്‍റാണുള്ളത്. 126 പോയിന്‍റുമായി ന്യൂസിലന്‍ഡും, 122 പോയിന്‍റുമായി ഇംഗ്ലണ്ടുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
ഇതോടെ ക്രിക്കറ്റിന്‍റെ മൂന്ന് ഫോര്‍മാറ്റിലും നിലവിലെ ലോക റാങ്കിങ്ങില്‍ ആദ്യ മൂന്നിലുള്ള ഏക ടീമാകാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ടെസ്റ്റ് റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ, ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്താണ്.
ഓവലില്‍ 10 വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ ലക്ഷ്യം മറികടന്നു. ഓപ്പണർമാരായ രോഹിത് ശര്‍മയും (58 പന്തില്‍ 76*) ശിഖര്‍ ധവാനുമാണ് ( 54 പന്തില്‍ 31*) ഇന്ത്യന്‍ ജയമുറപ്പിച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഇന്ത്യൻ പേസ് ആക്രമണത്തിനു മുന്നിൽ തകർന്നടിയുകയായിരുന്നു. 25.2 ഓവറിൽ 110 റൺസിനാണ് ഇംഗ്ലീഷ് ബാറ്റർമാർ തിരിച്ച് കയറിയത്. 30 റൺസെടുത്ത ക്യാപ്റ്റൻ ജോസ് ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ.
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ 7.2 ഓവറില്‍ 19 റണ്ണിന് ആറ് വിക്കറ്റുകള്‍ നേടി. 7 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങിയ മുഹമ്മദ് ഷമി മൂന്നും വിക്കറ്റുകള്‍ സ്വന്തമാക്കി. അഞ്ച് ഓവറില്‍ 26 റണ്‍സ് മാത്രം വഴങ്ങിയ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് ഒരുവിക്കറ്റുണ്ട്.
also read: Ind vs Eng| രോഹിത് ശര്‍മ 'ദ സിക്‌സ്‌മാന്‍'; ഏകദിനത്തില്‍ 250 സിക്‌സുകള്‍ തികച്ച ആദ്യ ഇന്ത്യന്‍ താരം