മുംബൈ: ഇന്ത്യന്‍ ടീമില്‍ നിന്നും മലയാളി ബാറ്റര്‍ സഞ്‌ജു സാംസണെ തഴയുന്നതിലുള്ള വിമര്‍ശനം ശക്തമാണ്. സഞ്‌ജുവിനെ പിന്തുണച്ച് മുന്‍ താരങ്ങളടക്കം നിരവധി പേര്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ നിന്നു തന്നെ സഞ്‌ജുവിന് വേണ്ടിയുള്ള ശബ്‌ദം ഉയരുകയാണ്.
പരിമിതമായ അവസരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സഞ്‌ജുവെന്നും അയാളെ കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്നും വെറ്ററന്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് പറഞ്ഞു. ഒരു അഭിമുഖത്തിനിടെയാണ് കാര്‍ത്തിക് സഞ്‌ജുവിനെ പിന്തുണച്ചത്.
അടുത്തിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഉള്‍പ്പെട്ട സഞ്‌ജുവിന് ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്. ഈ മത്സരത്തില്‍ ഭേദപ്പട്ട പ്രകടനം നടത്തിയെങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിന്നും താരം പുറത്തായി. മോശം ഫോമിലുള്ള റിഷഭ് പന്തിന് തുടര്‍ച്ചയായി അവസരം നല്‍കുമ്പോഴായിരുന്നു സഞ്‌ജുവിനെ ഒഴിവാക്കിയത്.
ഇതിന് ശേഷം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിലേക്ക് സഞ്ജുവിനെ പരിഗണിച്ചിരുന്നില്ല. റിഷഭ് പന്തിന് പുറമെ ഇഷാന്‍ കിഷനെയാണ് വിക്കറ്റ് കീപ്പറായി ഉള്‍പ്പെടുത്തിയത്. എന്നാല്‍ പരമ്പരയില്‍ നിന്നും പന്ത് പുറത്തായപ്പോഴും സഞ്‌ജുവിനെ പരിഗണിക്കാത്ത മാനേജ്‌മെന്‍റ് തീരുമാനം ചര്‍ച്ചയാവുന്നുണ്ട്. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ പന്തിന് പകരം കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായി ഇറങ്ങിയത്.
ബാറ്റിങ്ങില്‍ തിളങ്ങിയെങ്കിലും വിക്കറ്റ് കീപ്പറെന്ന നിലയിലുള്ള രാഹുലിന്‍റെ മോശം പ്രകടനം ഇന്ത്യയെ പരാജയത്തിലേക്ക് നയിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഡികെയുടെ പ്രതികരണം.
'നമ്മള്‍ വിട്ടുപോയ മറ്റൊരു പേര് സഞ്ജു സാംസണിന്‍റേതാണ്. അയാളെക്കുറിച്ച് സംസാരിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നു. സഞ്‌ജു എന്‍റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാണ്.
മധ്യനിരയില്‍ ലഭിച്ച പരിമിതമായ അവസരങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സഞ്‌ജുവിന് കഴിഞ്ഞിട്ടുണ്ട്. മൂന്ന് വിക്കറ്റ് കീപ്പര്‍മാരില്‍ ആരാണ് സ്‌പെഷ്യലിസ്റ്റ് എന്ന് നോക്കേണ്ടതുണ്ട്. ടീമിലെ കാര്യങ്ങളൊക്കെ മാറിക്കൊണ്ടിരിക്കും. എന്നാല്‍ വരുന്ന വര്‍ഷം ഓഗസ്റ്റോടെ 15 അംഗ ടീമിനെ കണ്ടെത്തേണ്ടതുണ്ട്', ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഇന്ത്യക്കായി ഇതേവരെ 11 ഏകദിനങ്ങള്‍ മാത്രം കളിച്ച സഞ്ജു 66 ശരാശരിയില്‍ 330 റണ്‍സ് നേടിയിട്ടുണ്ട്. 104.76 ആണ് സ്ട്രൈക്ക് റേറ്റ്. ഏകദിനത്തില്‍ കഴിഞ്ഞ വര്‍ഷമായിരുന്നു സഞ്ജുവിന്‍റെ അരങ്ങേറ്റം. 28കാരനായ താരത്തിന്‍റെ 11 മത്സരങ്ങളിൽ 10 എണ്ണവും ഈ വർഷം നടന്നതാണ്.
ALSO READ: സഞ്ജു നാട്ടിൽ, പന്ത് പുറത്ത്, വിക്കറ്റ് കീപ്പറായി രാഹുൽ; ആകെ കണ്‍ഫ്യൂഷനെന്ന് ഹര്‍ഷ ഭോഗ്‌ലെ