നാഗ്‌പൂര്‍: ഇന്ത്യ-ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്(23.09.2022) നടക്കും. നാഗ്‌പൂരില്‍ വൈകിട്ട് ഏഴിനാണ് കളി ആരംഭിക്കുക. മത്സരത്തിന് മഴ ഭീഷണിയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.
കനത്ത മഴയെ തുടര്‍ന്ന് ഇന്നലെ പരിശീലനത്തിന് ഇറങ്ങാന്‍ ഇരു ടീമുകള്‍ക്കും കഴിഞ്ഞിരുന്നില്ല. ആദ്യ കളിയില്‍ തോറ്റ ഇന്ത്യയ്‌ക്ക് നാഗ്‌പൂരിലെ മത്സരം നിര്‍ണായകമാണ്. ഇന്നും കീഴടങ്ങിയാല്‍ മൂന്ന് മത്സര പരമ്പര നഷ്‌ടമാവും.
മൊഹാലിയില്‍ നടന്ന ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. 209 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമുയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാത്ത ബോളര്‍മാരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. പേസര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമേഷ് യാദവ് എന്നിവര്‍ ചേര്‍ന്ന് 14 ഓവറില്‍ വഴങ്ങിയത് 150 റണ്‍സാണ്.
സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും അടിവാങ്ങിക്കൂട്ടിയപ്പോള്‍ തിളങ്ങാന്‍ കഴിഞ്ഞത് അക്‌സര്‍ പട്ടേലിന് മാത്രമാണ്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങിയ അക്‌സര്‍ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തി. അക്‌സറൊഴികെ പന്തെടുത്ത എല്ലാവര്‍ക്കും 11ന് മുകളിലാണ് ഇക്കോണമി.
പരിക്കിൽ നിന്ന് മോചിതനായ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ബുംറ ഇറങ്ങിയാല്‍ ഡെത്ത് ഓവറുകളില്‍ ഇന്ത്യയുടെ വലിയ തലവേദന ഒഴിയും. ബുംറ ഉടൻ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന് ബാറ്റര്‍ സൂര്യകുമാര്‍ യാദവ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മറുവശത്ത് ബാറ്റിങ് യൂണിറ്റിന്‍റെ പ്രകടനം ഇന്ത്യയ്‌ക്ക് ആശ്വാസമാണ്. രോഹിത് ശര്‍മ, വിരാട് കോലി എന്നിവരില്‍ നിന്നും ഒരു വലിയ ഇന്നിങ്‌സ് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഫിനിഷര്‍ റോളിലെ തെരഞ്ഞെടുപ്പ് ശരിയാണെന്ന് ദിനേശ് കാർത്തിക് തെളിയിക്കേണ്ടിയിരിക്കുന്നു.
ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ താരത്തിന്‍റെ വമ്പനടികള്‍ ഏതാനും മത്സരങ്ങളില്‍ കാണാന്‍ കഴിയുന്നില്ലെന്നത് നിരാശയാണ്. കെഎല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് ആത്മവിശ്വാസമാണ്. എന്നാല്‍ ഫീല്‍ഡിങ്ങിലെ മോശം പ്രകടനം സംഘത്തിന് മെച്ചപ്പെടുത്തിയേ മതിയാവൂ.
ആദ്യ മത്സരത്തില്‍ നിര്‍ണായകമായ മൂന്ന് ക്യാച്ചുകളാണ് ഇന്ത്യ തുലച്ചത്. അതേസമയം വേഗം കുറഞ്ഞ നാഗ്‌പുരിലെ പിച്ചില്‍ ബോളര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോസ് കിട്ടുന്ന ടീം ബോളിങ് തെരഞ്ഞെടുത്തേക്കും.
എവിടെ കാണാം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടി20 പരമ്പര സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. കൂടാതെ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും ലൈവ് സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാര്‍ത്തിക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, ജസ്‌പ്രീത് ബുംറ, ദീപക് ചാഹര്‍.
ഓസ്‌ട്രേലിയ: സീൻ ആബട്ട്, ആഷ്‌ടൺ അഗർ, പാറ്റ് കമ്മിൻസ്, ടിം ഡേവിഡ്, നഥാൻ എല്ലിസ്, ആരോൺ ഫിഞ്ച് (സി), കാമറൂൺ ഗ്രീൻ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്‌സൺ, ഡാനിയൽ സാംസ്, സ്റ്റീവ് സ്‌മിത്ത്, മാത്യൂ വെയ്‌ഡ്, ആദം സാംപ.