മുംബൈ : ഇന്ത്യയില്‍ നിന്ന് നിരവധി യുവപ്രതിഭകളാണ് ഈ ഐപിഎൽ സീസണോടെ ലോകത്തിന് മുന്നിൽ അവതരിച്ചത്. 150 കിലോ മീറ്ററിലധികം വേഗത്തിൽ പന്തറിയുന്ന താരങ്ങൾ ഇന്ത്യൻ ആരാധകരുടെ സ്വപ്നമായിരുന്നു. തുടർച്ചയായി 150 കിലോമീറ്ററിലധികം വേഗതയില്‍ പന്തെറിയുന്ന ഉമ്രാൻ മാലിക്, മൊഹ്‌സിൻ ഖാൻ തുടങ്ങിയ യുവ പേസർമാരുടെ എണ്ണം ഉയർന്നുവരുന്നത് ഇന്ത്യൻ ടീമിന് നല്ല സൂചനയാണ്.
ഇതിൽ ചില താരങ്ങൾ ഈ വർഷാവസാനം ഓസ്‌ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പ് ടീമിൽ ഇടം നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് പറഞ്ഞു. അതോടൊപ്പം ടീമിനോടൊപ്പമുള്ള ഇതുവരെയുള്ള തന്‍റെ യാത്രയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അദ്ദേഹം. സീനിയര്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ കോച്ചായുള്ള തന്‍റെ യാത്ര ഇതുവരെ വളരെ ആവേശകരമാണ്. ഞാന്‍ അത് ഏറെ ആസ്വദിക്കുന്നു.
എന്നാല്‍ കഴിഞ്ഞ എട്ട് മാസത്തിനിടെ ആറ് ക്യാപ്‌റ്റൻമാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതായും അത് വെല്ലുവിളി തന്നെയായിരുന്നുവെന്നും ദ്രാവിഡ് തുറന്നുപറഞ്ഞു. കൊവിഡിന്‍റെ സ്വഭാവം, ഞങ്ങള്‍ കളിക്കുന്ന മത്സരങ്ങൾ, സ്‌ക്വാഡിനെ കൈകാര്യം ചെയ്യല്‍, ജോലിഭാരം കൈകാര്യം ചെയ്യല്‍, കുറച്ച് വിരമിക്കലുകള്‍ എന്നിവയെല്ലാം ഇതില്‍പ്പെടുത്താം. കോച്ചായി തുടങ്ങിയപ്പോള്‍ തന്‍റെ പ്ലാന്‍ ഇതായിരുന്നില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.
ഐപിഎല്ലിൽ മികവ് തെളിയിച്ച യുവ ബൗളർമാരുടെ പ്രകടനത്തെയും ദ്രാവിഡ് ആവോളം പ്രശംസിച്ചു. ഐപിഎല്ലിൽ നിരവധി യുവതാരങ്ങൾക്ക് കഴിവ് പ്രകടിപ്പിക്കാൻ അവസരം ലഭിച്ചു. അവരിൽ പലരും ലീഗിലുടനീളം തിളക്കമാർന്ന പ്രകടനമാണ് നടത്തിയത്. അതിൽ തന്നെ കുറച്ച് യുവ പേസർമാർ വേഗത കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. ഇന്ത്യൻ ക്രിക്കറ്റിന് വരാനിരിക്കുന്ന നല്ല കാലത്തിന്‍റെ ശുഭസൂചനകളാണ് ഇതെല്ലാം.
ALSO READ: കാര്‍ത്തികിനെപ്പോലെ അവസരം നല്‍കിയെങ്കില്‍ ഇന്ത്യന്‍ ടീമിലുണ്ടാകുമായിരുന്നു; നിരാശ പങ്കുവച്ച് സാഹ
ഐസിസി ടി20 ലോകകപ്പ് ടീമിൽ ഇടം നേടുന്നതിന് ഉമ്രാൻ മാലിക്കിന് പിന്തുണയുമായി മുൻ ഇന്ത്യൻ പേസ് ബൗളർ ഇർഫാൻ പഠാൻ രംഗത്തെത്തി. ഉമ്രാൻ ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചിട്ടില്ല. അവനെ മാറ്റി നിർത്താതെ അരങ്ങേറ്റത്തിന് അവസരം നൽകുക. ഇനി കളത്തിലിറങ്ങി ആദ്യം തന്നെ മികച്ച പ്രകടനം നടത്താനായില്ലെങ്കിലും അവനെ പൂർണമായും മാറ്റി നിർത്തരുത് - ഇർഫാൻ പറഞ്ഞു.
'മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ പന്തെറിയുന്ന ഒരു ബൗളർ ഞങ്ങൾക്ക് ഇതുവരെ ഉണ്ടായിട്ടില്ല, ഇപ്പോൾ ഞങ്ങൾക്ക് അത് ലഭിച്ചു, അതിനാൽ അവനെ ശ്രദ്ധാപൂർവ്വം ദീർഘകാലത്തേക്ക് ഉപയോഗിക്കുക. ഉമ്രാന് എത്രത്തോളം സ്ഥിരത തുടരാനാകുമെന്നും ഫിറ്റ്‌നസ് നിലനിർത്താനാകുമെന്നും വിലയിരുത്തണം' - അദ്ദേഹം കൂട്ടിച്ചേർത്തു.