ലഖ്‌നൗ : മുന്‍ ലോക ചാമ്പ്യന്മാര്‍ കളിമറന്നതോടെ ഏകദിന ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് തകര്‍പ്പന്‍ ജയം. 134 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക, എക്കാലത്തേയും മികച്ച ലോകകപ്പ് ഫേവറേറ്റുകളായ ഓസ്‌ട്രേലിയയെ തകര്‍ത്തെറിഞ്ഞത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി നേടി ക്വിന്‍റന്‍ ഡി കോക്ക് തന്‍റെ അവസാന ലോകകപ്പ് പരമാവധി കളറാക്കാന്‍ ശ്രമിച്ചതോടെ ഓസ്‌ട്രേലിയയുടെ വെടിപ്പുരയ്‌ക്ക് തീപിടിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്ക മുന്നോട്ടുവച്ച 312 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശാനെത്തിയ ഓസ്‌ട്രേലിയയ്‌ക്ക് തുടരെ തുടരെ വീഴ്‌ചകള്‍ മാത്രമായിരുന്നു ഫലം. പ്രോട്ടീസ് ബൗളര്‍മാരായ കാഗിസോ റബാഡ, മാര്‍ക്കോ ജാന്‍സന്‍, ലുങ്കി എൻഗിഡി, കേശവ് മഹാരാജ് എന്നിവര്‍ കരുത്തോടെ പന്തെറിഞ്ഞതോടെ ഓസ്‌ട്രേലിയയുടെ മുന്നേറ്റനിരയും മധ്യനിരയും ഉള്‍പ്പടെ വാലറ്റത്തിന്‍റെ പോലും തണ്ടൊടിയുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ദക്ഷിണാഫ്രിക്കയോട് കൂടി തോല്‍വി വഴങ്ങിയതോടെ കങ്കാരുപ്പടയുടെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് മുകളില്‍ കറുത്ത കാര്‍മേഘങ്ങള്‍ പ്രകടമാണ്.
കടലാസ് പുലികളായി മുന്നേറ്റനിര : ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള മറുപടി ബാറ്റിങ്ങിനായി ഏറെ പ്രതീക്ഷയോടെയാണ് ഓസ്‌ട്രേലിയ ക്രീസിലിറങ്ങിയത്. ഓപ്പണര്‍മാരായ മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ചേര്‍ന്ന് മികച്ച തുടക്കം നല്‍കിയാല്‍ ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ സ്‌കോര്‍ മറികടക്കാമെന്ന വിശ്വാസം ഇവരുടെ ശരീരഭാഷയിലും പ്രകടമായിരുന്നു. എന്നാല്‍ ആറാമത്തെ ഓവറില്‍ സ്‌കോര്‍ 27ല്‍ നില്‍ക്കവെ മിച്ചല്‍ മാര്‍ഷിനെ (7) മാര്‍ക്കോ ജാന്‍സന്‍ മടക്കിയയച്ചു. നായകന്‍ ടെംബ ബാവുമയുടെ കൈകളിലൊതുങ്ങിയായിരുന്നു മാര്‍ഷിന്‍റെ മടക്കം.
തൊട്ടടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറെ തിരികെ കയറ്റി ലുങ്കി എന്‍ഗിഡിയും ദക്ഷിണാഫ്രിക്കയുടെ തലവേദന കുറച്ചു. 27 പന്തില്‍ രണ്ട് ബൗണ്ടറിയുമായി 13 റണ്‍സില്‍ നില്‍ക്കവെയായിരുന്നു വാര്‍ണറെ വാന്‍ ഡെര്‍ ദെസ്സന്‍ ക്യാച്ചിലൂടെ മടക്കിയത്. പിന്നാലെയെത്തിയ സ്‌റ്റീവ് സ്‌മിത്തും മാര്‍ണസ് ലബുഷെയ്‌നും ടീം ടോട്ടല്‍ വളരെ പതുക്കെയെങ്കിലും വര്‍ധിപ്പിക്കാന്‍ ശ്രിച്ചുവെങ്കിലും 10ാം ഓവറില്‍ ഇതിനും കാഗിസോ റബാഡ ബ്രേക്കിട്ടു. ക്രീസില്‍ നിലയുറപ്പിച്ചാല്‍ അപകടകാരിയായേക്കാവുന്ന സ്‌മിത്തിനെ (16 പന്തില്‍ 19 റണ്‍സ്) ലെഗ് ബൈ വിക്കറ്റിലായിരുന്നു റബാഡ കുരുക്കിയത്.
ചിത്രത്തില്‍ പോലുമില്ലാതെ മധ്യനിര: തൊട്ടുപിന്നാലെയെത്തിയ ജോഷ് ഇംഗ്ലിസിന് (5) ക്രീസിന്‍റെ നീളം അളക്കാനുള്ള സമയം പോലും ലഭിച്ചില്ല. പിന്നാലെയെത്തിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ (3), മാര്‍കസ് സ്‌റ്റോയിനിസ് (5) എന്നിവര്‍ക്കും കാര്യമായി ഒന്നും ചെയ്യാനായില്ല. കേശവ് മഹാരാജും റബാഡയുമായിരുന്നു ഇരുവര്‍ക്കും പുറത്തേക്കുള്ള വഴി കാണിച്ചത്. എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ മിച്ചല്‍ സ്‌റ്റാര്‍ക്കിനെ കൂടെക്കൂട്ടി ലബുഷെയ്‌ന്‍ അതിജീവനത്തിനുള്ള പോരാട്ടം ആരംഭിച്ചു.
തുടരെയുള്ള വിക്കറ്റ് വീഴ്‌ചകളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കരുതലോടെ കളിക്കണമെന്ന് ഇരുവരും മനസിലാക്കിയതോടെ ടീം സ്‌കോര്‍കാര്‍ഡ് 100 കടന്നു. എന്നാല്‍ സുഖകരമായ ഈ കൂട്ടുകെട്ടിന് 34ാം ഓവറില്‍ ജാന്‍സന്‍ വീണ്ടും വഴിമുടക്കിയായി. 51 പന്തില്‍ 27 റണ്‍സ് മാത്രമായി അതീവ ഗൗരവത്തോടെ കളിച്ച മിച്ചല്‍ സ്‌റ്റാര്‍ക്കിനെ മടക്കിയായിരുന്നു ഇത്. തൊട്ടടുത്ത ഓവറില്‍ ലബുഷെയ്‌നിനെ മഹാരാജ് തിരിച്ചയച്ചതോടെ ഓസീസ് പരാജയം മുന്നില്‍ക്കണ്ടു.
പരാജയഭാരം കുറയ്‌ക്കുന്നതിലും തോറ്റു: വിജയിക്കാമെന്ന പ്രതീക്ഷ ബുദ്ധിമുട്ടേറിയതാണെന്ന് വ്യക്തമാണെങ്കിലും, പിന്നീടെത്തിയ നായകന്‍ പാറ്റ് കമ്മിന്‍സിലൂടെ പരാജയഭാരം കുറയ്‌ക്കാമെന്ന പ്രതീക്ഷയായിരുന്നു ഓസ്‌ട്രേലിയയെ മുന്നോട്ടുനയിച്ചത്. എന്നാല്‍ തബ്‌റൈസ് ഷംസിയുടെ പന്തില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്‍കി കമ്മിന്‍സും (21 പന്തില്‍ 22 റണ്‍സ്) ക്രീസ് വിട്ടു. ആദം സാംപ (പുറത്താകാതെ 11 റണ്‍സ്), ജോഷ് ഹേസില്‍വുഡ് (2) എന്നിങ്ങനെയായിരുന്നു ഓസീസിനായി മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം. അതേസമയം ദക്ഷിണാഫ്രിക്കയ്‌ക്കായി കാഗിസോ റബാഡ മൂന്നും മാര്‍ക്കോ ജാന്‍സന്‍, കേശവ് മഹാരാജ്, തബ്‌റൈസ് ഷംസി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും വീഴ്‌ത്തി. ലുങ്കി എന്‍ഗിഡി ഒരു വിക്കറ്റും നേടി.
പലതും ഓര്‍മിപ്പിച്ച് ദക്ഷിണാഫ്രിക്ക : ഓപ്പണർ ക്വിന്‍റൺ ഡികോക്കിന്‍റെ സെഞ്ച്വറിയാണ് പ്രോട്ടീസിന് ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 311 റൺസെന്ന മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 106 പന്തിൽ നിന്നാണ് ഡി കോക്ക് 109 റൺസ് അടിച്ചെടുത്തത്. മാത്രമല്ല അർധ സെഞ്ച്വറി നേടിയ എയ്‌ഡൻ മാർക്രം (44 പന്തിൽ 56), ടെംബ ബാവുമ (35), വാൻഡർ ഡസൻ(30) എന്നിവരുടെ പ്രകടനവും ടീമിന് മുതല്‍ക്കൂട്ടായി. ഓസ്‌ട്രേലിയയ്‌ക്കായി ഗ്ലെൻ മാക്‌സ്‌വെൽ, മിച്ചൽ സ്റ്റാർക് എന്നിവർ രണ്ട് വിക്കറ്റ് വീതവും ആദം സാംപ, പാറ്റ് കമിൻസ്, ജോഷ് ഹെയ്‌സൽവുഡ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി.