മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കിറങ്ങാന്‍ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല. ഡെങ്കിപ്പനി ബാധിച്ചതാണ് ഗില്ലിന്‍റെ ഏകദിന ലോകകപ്പ് അരങ്ങേറ്റം വൈകിപ്പിച്ചത്. ഇപ്പോഴിതാ ഡെങ്കിപ്പനി ബാധിച്ച സമയത്ത് താന്‍ അനുഭവിച്ച കഷ്‌ടതകളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് 24-കാരന്‍ (Shubman Gill opens up on suffering from dengue during Cricket World Cup 2023).
ഡെങ്കിപ്പനി ബാധിച്ചതിനാല്‍ തനിക്ക് ആറ് കിലോഗ്രാം ഭാരം കുറഞ്ഞതായാണ് ശുഭ്‌മാന്‍ ഗില്‍ പറയുന്നത്. തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്‍റർനാഷണൽ സ്റ്റേഡിയത്തിൽ നെതർലൻഡ്‌സിനെതിരായ ഇന്ത്യയുടെ അവസാന സന്നാഹ മത്സരത്തിനായി തയ്യാറെടുക്കുന്നതിനിടെ തന്നെ തനിക്ക് രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും ഗിൽ വെളിപ്പെടുത്തി. ഐസിസിയോടാണ് ഇതേക്കുറിച്ച് ഇന്ത്യയുടെ യുവ ഓപ്പണര്‍ സംസാരിച്ചത്.
"എവിടെ നിന്നാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് എനിക്കറിയില്ല. തിരുവനന്തപുരത്ത് നെതർലൻഡ്‌സിനെതിരായ രണ്ടാം സന്നാഹ മത്സരത്തിനായി തയ്യാറെടുക്കുമ്പോള്‍ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരുന്നു. അതെന്നെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തിയത്, പ്രത്യേകിച്ചും ഇതെന്‍റെ ആദ്യ ലോകകപ്പ് കൂടിയാണ്.
എന്നാല്‍ അതിനെ മറികടന്ന് മുന്നോട്ട് പോകാനായിരുന്നു എന്‍റെ ശ്രമം. എന്നെ സംബന്ധിച്ച് ഏറ്റവും പ്രയാസകരമായ കാര്യം ശരീരഭാരം കുറയുക എന്നതാണ്. ഏകദേശം ആറ് കിലോഗ്രാമാണ് എനിക്ക് കുറഞ്ഞത്", ശുഭ്‌മാന്‍ ഗില്‍ പറഞ്ഞു.
അസുഖ ബാധിതനായതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്കും അഫ്‌ഗാനിസ്ഥാനുമെതിരായ മത്സരങ്ങളായിരുന്നു ശുഭ്‌മാന്‍ ഗില്ലിന് നഷ്‌ടപ്പെട്ടത്. തുടര്‍ന്ന് കളത്തിലെത്തിയ താരത്തിന് തന്‍റെ മിന്നും പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കളിച്ച അഞ്ച് മത്സരങ്ങളിലും ജയിച്ച് കയറാന്‍ ആതിഥേയരായ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.
10 പോയിന്‍റുമായി നിലവില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരാണ് ഇന്ത്യ. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഒന്നാം സ്ഥാനത്ത്. മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് പ്രോട്ടീസ് ഇന്ത്യയെ രണ്ടാം സ്ഥാനത്താക്കിയത്. ഇതോടെ ഇന്ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്‌ക്ക് പോയിന്‍റ് പട്ടികയില്‍ തലപ്പത്ത് എത്തുകയും സെമി ഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കുകയും ചെയ്യാം.
ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.