മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയുടെ ആദ്യ മൂന്ന് മത്സരങ്ങളില്‍ പുറത്തിരുന്ന താരമാണ് പേസര്‍ മുഹമ്മദ് ഷമി (Mohammed Shami ). ഒടുവില്‍ പേസ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് ഷമിയ്‌ക്ക് പ്ലേയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്. കളിച്ച മൂന്ന് മത്സരങ്ങളിലും കൊടുങ്കാറ്റായി വീശിയടിച്ച 33-കാരന്‍ എതിര്‍ ടീമിന്‍റെ ബാറ്റിങ് നിരയെ കടപുഴയ്‌ക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.
ഈ ലോകകപ്പില്‍ തന്‍റെ ആദ്യ മത്സരത്തിനായി ന്യൂസിലന്‍ഡിനെതിരെ ഇറങ്ങിയ മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകളുമായാണ് തിരികെ കയറിയത്. തുടര്‍ന്ന് ലഖ്‌നൗവില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന്‍റെ നടുവൊടിക്കുന്നതായിരുന്നു താരത്തിന്‍റെ നാല് വിക്കറ്റ് പ്രകടനം. ഇന്നലെ ശ്രീലങ്കയ്‌ക്കെതിരെയും (India vs Sri Lanka) ഷമി തന്‍റെ മികവ് തുടര്‍ന്നു.
അഞ്ച് ഓവറുകളില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങി അഞ്ച് ലങ്കന്‍ ബാറ്റര്‍മാരെയാണ് താരം പവലിയനിലേക്ക് മടക്കിയത്. ഇപ്പോഴിതാ ലോകകപ്പിലെ തന്‍റെ പ്രകടനത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ഷമി (Mohammed Shami reveals the secret behind his performance In Cricket World Cup 2023).
ഷമിയുടെ വാക്കുകള്‍ ഇങ്ങനെ...." ആദ്യം തന്നെ ഞാന്‍ ദൈവത്തോട് നന്ദി പറയുകയാണ്. ലോകകപ്പില്‍ എന്‍റെ പ്രകടനം ഞങ്ങളുടെ കഠിനാധ്വാനത്തിന്‍റെ ഫലമാണ്. എപ്പോഴുമെന്നപോലെ, ശരിയായ ഏരിയകളിൽ പന്ത് പിച്ച് ചെയ്യിപ്പിക്കാനും ശരിയായ താളം കണ്ടെത്താനുമാണ് ശ്രമിക്കുന്നത്.
കാരണം, ഏകദിന ലോകകപ്പ് പോലുള്ള ഒരു വലിയ ടൂർണമെന്‍റുകളിൽ താളം നഷ്ടപ്പെട്ടാൽ അത് തിരികെ കൊണ്ടുവരിക എന്നത് വളരെ പ്രയാസകരമാണ്. അതിനാല്‍ തുടക്കം മുതൽ തന്നെ ശരിയായ ഏരിയയിലും ശരിയായ ലെങ്‌ത്തിലും ശ്രദ്ധകേന്ദ്രീകരിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ഇപ്പോഴത് ശരിയായ നടപ്പിലാക്കാന്‍ കഴിയുന്നുണ്ട്.
അതു എന്തുകൊണ്ട് ആവര്‍ത്തിച്ചുകൂടാ ?. ഇക്കാര്യം പ്രയാസകരം തന്നെയാണ്. എന്നാല്‍ താളവും പന്തെറിയുന്ന ഏരിയയും കൃത്യമായിരിക്കണമെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ്. പ്രത്യേകിച്ച് വൈറ്റ് ബോള്‍ ക്രിക്കറ്റില്‍. നിങ്ങള്‍ ശരിയായ ഏരിയയില്‍ പന്ത് കുത്തിച്ചാല്‍ പിച്ചില്‍ നിന്നും നിങ്ങള്‍ക്ക് മൂവ്‌മെന്‍റ് ലഭിക്കും.
അതുകൊണ്ട് അതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്‍റെ ഇപ്പോഴത്തെ പ്രകടനത്തിന് പിന്നില്‍ 'റോക്കറ്റ് സയന്‍സ്' ഒന്നുമില്ല. നല്ല താളം കണ്ടെത്തുകയാണ് പ്രധാനം. പിന്നെ നല്ല ഭക്ഷണം, മനസിനെ ശാന്തമാക്കി നിര്‍ത്തുക എന്നതൊക്കെയും, പിന്നെ ഇതിനൊക്കെയപ്പുറം ജനങ്ങളുടെ സ്‌നേഹവും ഏറ്റവും പ്രധാനപ്പെട്ടതാണ്" മുഹമ്മദ് ഷമി പറഞ്ഞു നിര്‍ത്തി (Mohammed Shami on his performance In Cricket World Cup 2023).
ALSO READ: 'ഷോട്ട് ബോളുകളാണോ എന്നെ ബുദ്ധിമുട്ടിക്കുന്നത്...?' മാധ്യമപ്രവര്‍ത്തകനോട് ചൂടായി ശ്രേയസ് അയ്യര്‍