മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ച്ചയായ നാലാം തോല്‍വി വഴങ്ങിയതോടെ ഫേവറേറ്റുകളായെത്തിയ പാകിസ്ഥാന്‍റെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിരിക്കുകയാണ്. ഇതിന് പിന്നാലെ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഏകദിന ഫോര്‍മാറ്റിലെ ലോക ഒന്നാം നമ്പര്‍ ബാറ്ററായ ബാബറിന് ടീമിനെ മുന്നില്‍ നിന്നും നയിക്കാന്‍ കഴിയുന്നില്ലെന്നാണ് പ്രധാന ആക്ഷേപം.
ടൂര്‍ണമെന്‍റില്‍ ഇതേവരെ മൂന്ന് അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും പ്രസ്‌തുത പ്രകടനങ്ങള്‍ക്ക് ടീമിനെ തോല്‍വിയില്‍ നിന്നും കരകയറ്റാനായിരുന്നില്ല. ഇതിന് പിന്നാലെ ബാബറിനെ എടുത്തിട്ട് അലക്കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir criticizes Babar Azam). റാങ്കിങ്ങിലൊന്നും യാതൊരു കാര്യവുമില്ലെന്ന് അഭിപ്രായപ്പെട്ട ഗംഭീര്‍, ടീമിനെ വിജയിപ്പിക്കുന്ന ആളാണ് നമ്പര്‍ വണ്‍ ബാറ്റര്‍ എന്നാണ് പറയുന്നത്.
"ഈ ലോകകപ്പില്‍ ബാബര്‍ അസം ഇതേവരെ ടീമിന് ഫലപ്രദമായ ഒരൊറ്റ ഇന്നിങ്‌സ് പോലും കളിച്ചിട്ടില്ല. റെക്കോഡുകളിലും റാങ്കിങ്ങിലും യാതൊരു കാര്യവുമില്ല. ഇതെല്ലാം ഓവറേറ്റഡാണ്. തന്‍റെ ടീമിനെ വിജയിപ്പിക്കുന്ന കളിക്കാരനാണ് യഥാര്‍ത്ഥ നമ്പര്‍ വണ്‍ ബാറ്റര്‍", ഗൗതം ഗംഭീര്‍ (Gautam Gambhir) പറഞ്ഞു.
ആദ്യ രണ്ട് മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ചായിരുന്നു പാകിസ്ഥാന്‍ തുടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്ക് മുന്നില്‍ പാകിസ്ഥാന് അടി പതറി. ഇന്ത്യ, അഫ്‌ഗാനിസ്ഥാന്‍, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്ക് എതിരെയായിരുന്നു ബാബര്‍ അര്‍ധ സെഞ്ചുറി നേടിയത്.
ഇന്ത്യയ്‌ക്ക് എതിരെ 58 പന്തില്‍ 50, അഫ്‌ഗാനെതിരെ 92 പന്തില്‍ 74, ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ 65 പന്തില്‍ 50 എന്നിങ്ങനെയാണ് താരം കണ്ടെത്തിയത്. ലോകകപ്പില്‍ ഇതേവരെ കളിച്ച ആറ് മത്സരങ്ങളില്‍ നിന്നും 207 റണ്‍സ് മാത്രമാണ് പാകിസ്ഥാന്‍ നായകന് നേടാന്‍ കഴിഞ്ഞത്. 34.50 ശരാശരിയില്‍ 79-ല്‍ താഴെ ശരാശരിയിലാണ് ബാബറിന്‍റെ പ്രകടനം.
കളിച്ച ആറ് മത്സരങ്ങളില്‍ നാലും തോല്‍വി വഴങ്ങിയതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനക്കാരാണ് പാകിസ്ഥാന്‍. നാല് പോയിന്‍റ് മാത്രമുള്ള ടീമിന് -0.387 എന്ന മോശം റണ്‍റേറ്റാണുള്ളത്. ബാബറിനെ ടീമിന്‍റെ നായക സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് പാകിസ്ഥാന്‍റെ നിരവധി മുന്‍ താരങ്ങള്‍ ഇതിനകം തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.