അഹമ്മദാബാദ് : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് മികച്ച സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 49.3 ഓവറില്‍ 286 റണ്‍സിന് ഓള്‍ഔട്ടായി (England vs Australia Score Updates). 83 പന്തില്‍ 71 റണ്‍സ് നേടിയ മാര്‍നസ് ലെബുഷെയ്‌നാണ് (Marnus Labuschagne ) ഓസീസിന്‍റെ ടോപ് സ്‌കോറര്‍.
ഇംഗ്ലണ്ടിനായി ക്രിസ് വോക്‌സ് 9.3 ഓവറില്‍ 54 റണ്‍സിന് നാല് വിക്കറ്റുകള്‍ വീഴ്‌ത്തി. ആദില്‍ റഷീദ്, മാര്‍ക് വുഡ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകളുണ്ട്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡിനേയും ഡേവിഡ് വാര്‍ണറേയും ക്രിസ് വോക്‌സ് തുടക്കം തന്നെ പിടിച്ച് കെട്ടിയതോടെ ഓസീസിന്‍റെ തുടക്കം പാളിയിരുന്നു. ഹെഡിന് 10 പന്തുകളില്‍ 11 റണ്‍സും വാര്‍ണര്‍ക്ക് 16 പന്തുകളില്‍ 15 റണ്‍സുമാണ് നേടാന്‍ കഴിഞ്ഞത്.
എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സ്റ്റീവ് സ്‌മിത്ത്-മാര്‍നസ് ലെബുഷെയ്‌ന്‍ സഖ്യം നന്നായി കളിച്ചതോടെയാണ് ഓസീസ് മത്സരത്തിലേക്ക് തിരികെ എത്തിയത്. 75 റണ്‍സ് നീണ്ടുനിന്ന ഈ കൂട്ടുകെട്ട് 22-ാം ഓവറിലാണ് ഇംഗ്ലണ്ട് പൊളിക്കുന്നത്. സ്‌മിത്തിനെ (52 പന്തില്‍ 44) ആദില്‍ റഷീദിന്‍റെ പന്തില്‍ മൊയീന്‍ അലി പിടികൂടി.
ജോഷ് ഇംഗ്ലിസിനേയും (6 പന്തില്‍ 3) ആദില്‍ റഷീദ് നിലയുറപ്പിക്കാന്‍ അനുവദിച്ചില്ല. പിന്നീടെത്തിയ കാമറൂണ്‍ ഗ്രീനിനൊപ്പം 61 റണ്‍സ് ചേര്‍ത്ത് ലെബുഷെയ്‌നും മടങ്ങി. മാര്‍ക് വുഡിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് ലെബുഷെയ്‌ന്‍ പുറത്തായത്.
ഇതിനുശേഷം തുടര്‍ച്ചയായ ഇടവേളകളില്‍ ഓസീസിന് വിക്കറ്റ് നഷ്‌ടമായെങ്കിലും കാമറൂണ്‍ ഗ്രീനും (52 പന്തില്‍ 47), മാർക്കസ് സ്റ്റോയിനിസും (32 പന്തില്‍ 35) നിര്‍ണായക സംഭാവന നല്‍കി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (13 പന്തുകളില്‍ 10) നിരാശപ്പെടുത്തി. ഒമ്പതാം വിക്കറ്റില്‍ മിച്ചൽ സ്റ്റാർക്കിനൊപ്പം 38 റണ്‍സ് ചേര്‍ത്ത ആദം സാംപയെ (19 പന്തില്‍ 29) അവസാന ഓവറിന്‍റെ ആദ്യ പന്തില്‍ ക്രിസ് വോക്‌സ് മടക്കി. ഒരു പന്തിനപ്പുറം മിച്ചൽ സ്റ്റാർക്കിനേയും (13 പന്തില്‍ 10) വീഴ്‌ത്തിയ വോക്‌സ് നാല് വിക്കറ്റ് തികയ്‌ക്കുകയും ഓസീസ് ഇന്നിങ്‌സ് അവസാനിപ്പിക്കുകയും ചെയ്‌തു.
ALSO READ: രോഹിത് തുടങ്ങിയത് കിവീസും ഏറ്റുപിടിച്ചു; ഷഹീനും ഹാരിസ് റൗഫിനും വമ്പന്‍ നാണക്കേട്
ഓസ്‌ട്രേലിയ (പ്ലെയിംഗ് ഇലവൻ): ഡേവിഡ് വാർണർ, ട്രാവിസ് ഹെഡ്, സ്റ്റീവൻ സ്മിത്ത്, മാർനസ് ലെബുഷയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
ഇംഗ്ലണ്ട് (പ്ലെയിംഗ് ഇലവൻ) : ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്‌ലർ (സി), മൊയീൻ അലി, ലിയാം ലിവിംഗ്സ്റ്റൺ, ക്രിസ് വോക്സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക് വുഡ്.