മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ ചരിത്രവിജയമാണ് അഫ്‌ഗാനിസ്ഥാന്‍ നേടിയത് (Afghanistan vs Pakistan). ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു അഫ്‌ഗാന്‍ ജയിച്ച് കയറിയത്. ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ പാകിസ്ഥാനെതിരെ അഫ്‌ഗാന്‍റെ ആദ്യ വിജയമാണിത്.
കൂടാതെ ഈ ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാന്‍ നേടുന്ന രണ്ടാമത്തെ വിജയം കൂടിയാണിത്. നേരത്തെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയായിരുന്നു ഹഷ്‌മത്തുള്ള ഷാഹിദിയും സംഘവും വീഴ്‌ത്തിയത്. ഇതിന് പിന്നാലെ ലോകത്തെ ഏതു ടീമിനേയും തോല്‍പ്പിക്കാന്‍ കരുത്തുള്ള ടീമാണ് അഫ്‌ഗാനിസ്ഥാനെന്ന് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് കോച്ച് ഉമേഷ് പട്‌വാൾ (Former batting coach Umesh Patwal on Afghanistan's victory against Pakistan). നെതർലൻഡ്‌സ്, സ്‌കോട്ട്‌ലൻഡ്, സിംബാബ്‌വെ തുടങ്ങിയ ചെറിയ ക്രിക്കറ്റ് രാജ്യങ്ങളുടെ മനോവീര്യം അഫ്‌ഗാനിസ്ഥാന്‍റെ വിജയം ഉയർത്തിയതായും ഉമേഷ് പട്‌വാൾ ഇടിവി ഭാരതിനോട് പറഞ്ഞു.
"ഇംഗ്ലണ്ടിനെയും പാകിസ്ഥാനെയും പരാജയപ്പെടുത്താൻ അഫ്‌ഗാനിസ്ഥാന് കഴിയുമെങ്കിൽ, ലോകത്തെ മറ്റേതൊരു ടീമിനേയും തോൽപ്പിക്കാന്‍ അഫ്‌ഗാനിസ്ഥാന്‍ പ്രാപ്‌തരാണ്. നേരത്തെ, അഫ്‌ഗാനിസ്ഥാനെതിരെ, ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ തുടങ്ങിയ ടീമുകൾ അവരുടെ യുവതാരങ്ങളെയോ വളർന്നുവരുന്ന കളിക്കാരെയോ ഇറക്കും. എന്നാൽ ഇപ്പോൾ ഈ ടീമുകൾക്ക് അഫ്‌ഗാനിസ്ഥാൻ തങ്ങള്‍ക്ക് തുല്യമാണെന്ന തോന്നലുണ്ടായിക്കാണും. അവര്‍ക്കെതിരെ വിജയിക്കണമെങ്കില്‍ തങ്ങളുടെ മികച്ച ഇലവനെ തന്നെ ഇറക്കണമെന്നും അവര്‍ ചിന്തിക്കാന്‍ തുടങ്ങിക്കാണും", ഉമേഷ് പട്‌വാൾ (Umesh Patwal ) വ്യക്തമാക്കി.
ALSO READ: Ibrahim Zadran "മാൻ ഓഫ് ദ മാച്ച് പുരസ്‌കാരം പാകിസ്ഥാൻ തിരിച്ചയച്ച അഭയാർഥികൾക്ക്", ഇബ്രാഹിം സദ്രാൻ
മത്സരത്തില്‍ എട്ട് വിക്കറ്റുകള്‍ക്കായിരുന്നു അഫ്‌ഗാന്‍ വിജയിച്ച് കയറിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 282 റണ്‍സായിരുന്നു നേടിയത്. നായകന്‍ ബാബര്‍ അസം (74), അബ്‌ദുള്ള ഷെഫീഖ് (58) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ടീമിന് മുതല്‍ക്കൂട്ടായത്.
അഫ്‌ഗാനിസ്ഥാനായി യുവ സ്‌പിന്നര്‍ നൂര്‍ അഹമ്മദ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. മറുപടിക്കിറങ്ങിയ അഫ്‌ഗാന്‍ 48 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലേക്ക് എത്തുകയായിരുന്നു. ഇബ്രാഹിം സദ്രാന്‍ (87), റഹ്മാനുള്ള ഗുര്‍ബാസ് (65) റഹ്‌മത്തുള്ള ഷാ (77*), ക്യാപ്‌റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി (48*) എന്നിവര്‍ ടീമിനായി തിളങ്ങി.
ALSO READ: Cricket World Cup 2023 'ലുങ്കി ഡാന്‍സ്'... അഫ്‌ഗാൻ താരങ്ങൾ ജയം ആഘോഷിച്ചത് ഇങ്ങനെ...