പൂനെ: പാകിസ്ഥാന് പിന്നാലെ ശ്രീലങ്കയുടെയും വഴിമുടക്കി അഫ്‌ഗാനിസ്ഥാന്‍ (Afghanistan Vs Sri Lanka Match). ശ്രീലങ്ക മുന്നോട്ടുവച്ച 242 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റും 22 പന്തുകളും ശേഷിക്കെ തന്നെ മറികടക്കുകയായിരുന്നു. ആദ്യ ഓവറില്‍ ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനെ നഷ്‌ടപ്പെട്ട അഫ്‌ഗാനായി, നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി ഉള്‍പ്പടെ പിന്നീടെത്തിയ എല്ലാവരും കരുതലോടെ ബാറ്റുവീശിയതാണ് വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യ കപ്പില്‍ വീണുടഞ്ഞ കിരീട മോഹത്തിന് പകരം ഇന്ത്യയിലെത്തി ലോകകപ്പ് കിരീടവുമായി മടങ്ങാമെന്ന ലങ്കന്‍ മോഹങ്ങള്‍ക്ക് മുന്നിലാണ് അഫ്‌ഗാന്‍ ചെക്ക് വച്ചത്. അതേസമയം ആദ്യം ഇംഗ്ലണ്ടിനെയും പിന്നീട് പാകിസ്ഥാനെയും മലര്‍ത്തിയടിച്ച അഫ്‌ഗാനിസ്ഥാന്‍, നിലവില്‍ ശ്രീലങ്കയെ കൂടി തൂക്കിയടിച്ച് വലിയ തിരിച്ചുവരവിനൊരുങ്ങുകയാണെന്ന സൂചന നല്‍കുക കൂടിയായിരുന്നു.
ഗുര്‍ബാസ് പോയി, പക്ഷെ അഫ്‌ഗാന്‍ നിന്നു: ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക 49.3 ഓവറില്‍ വിക്കറ്റുകളെല്ലാം നഷ്‌ടപ്പെടുത്തി ഉയര്‍ത്തിയ 241 റണ്‍സ് മറികടക്കുക അനായാസമല്ലെന്ന് അഫ്‌ഗാനിസ്ഥാന് ഉറപ്പായിരുന്നു. എങ്കില്‍ മുന്‍ മത്സരത്തില്‍ പാകിസ്ഥാന്‍ പേസ് നിരയെ നിലംപരിശാക്കിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ക്രീസിലെത്തിയത്. എന്നാല്‍ നാലാം പന്തില്‍ തന്നെ അഫ്‌ഗാന്‍ ആരാധകരുടെ മനസില്‍ കനല്‍ കോരിയിട്ട് ഗുര്‍ബാസിനെ (0) ദില്‍ഷന്‍ മധുശങ്ക പുറത്താക്കി. സ്‌കോര്‍ബോര്‍ഡില്‍ റണ്ണുകളൊന്നുമില്ലാതെ ഒരു വിക്കറ്റ് എന്ന കാഴ്‌ച അഫ്‌ഗാന്‍ ക്യാമ്പില്‍ ആശങ്കയുമുണര്‍ത്തി.
എന്നാല്‍ പിന്നാലെയെത്തിയ റഹ്‌മത്ത് ഷായെ കൂടെക്കൂട്ടി ഇബ്രാഹിം സദ്രാന്‍ അതീവ കരുതലോടെ ബാറ്റുവീശി. പന്തുകളില്‍ പാഴാക്കുന്നതിനെക്കാള്‍ തുടരെ തുടരെയുള്ള വിക്കറ്റ് വീഴ്‌ച ഒഴിവാക്കലാണ് പ്രധാനമെന്ന് തോന്നിക്കും രീതിയിലായിരുന്നു ഇരുവരുടെയും ബാറ്റിങ്. ഇതോടെ അഫ്‌ഗാന്‍ സ്‌കോര്‍ കാര്‍ഡ് സാമാന്യം വേഗത്തില്‍ ചലിച്ചുതുടങ്ങി.
നായകന്‍റെ കരുതല്‍: എന്നാല്‍ 17 ആം ഓവറില്‍ മധുശങ്ക വീണ്ടും ശ്രീലങ്കന്‍ കൂടാരത്തില്‍ ആശ്വാസം നിറച്ചു. നേരിട്ട 57 പന്തില്‍ ഒരു സിക്‌സറും നാല് ബൗണ്ടറികളുമായി 39 റണ്‍സുമായി നിന്ന സദ്രാനെ ദിമുത്ത് കരുണരത്നയുടെ കൈകളിലെത്തിച്ചായിരുന്നു ഈ നിര്‍ണായക ബ്രേക്ക് ത്രൂ. എന്നാല്‍ പിന്നാലെയെത്തിയ അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി, മുന്നോട്ടുള്ള ഓട്ടത്തില്‍ തളര്‍ച്ച വരുത്താതെ ഒപ്പം കൂടി.
ഇരുവരും മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്‌ത് തുടങ്ങിയതോടെ മത്സരം കൈവിട്ട പ്രതീതി ശ്രീലങ്കന്‍ നിരയിലുണ്ടായി. മാത്രമല്ല അവരെ സംബന്ധിച്ച് ഒരു വിക്കറ്റ് അനിവാര്യവുമായിരുന്നു. എന്നാല്‍ 28 ആം ഓവറിലെ അവസാന പന്തിലാണ് ഈ വിക്കറ്റ് മോഹം പൂവണിയുന്നത്. 74 പന്തില്‍ 62 റണ്‍സുമായി നിന്ന റഹ്‌മത്ത് ഷായെ വീഴ്‌ത്തി കസന്‍ രജിതയാണ് ശ്രീലങ്കന്‍ നിരയുടെ ആ ആഗ്രഹം സാധ്യമാക്കിയത്.
എന്നാല്‍ തൊട്ടുപിന്നാലെയെത്തിയ അസ്‌മത്തുള്ള ഒമര്‍സായിയുമായി (63 പന്തില്‍ 73) ചേര്‍ന്ന് അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (74 പന്തില്‍ 58) ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. അതേസമയം ശ്രീലങ്കയ്‌ക്കായി ദില്‍ഷന്‍ മധുശങ്ക രണ്ടും കസന്‍ രജിത ഒരു വിക്കറ്റും വീഴ്‌ത്തി.