മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി തകര്‍പ്പന്‍ പ്രകടനം നടത്തുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma). ആദ്യം മുതല്‍ക്ക് വമ്പനടികളുമായി കളം നിറയുന്ന ഹിറ്റ്‌മാന്‍ എതിര്‍ ബോളര്‍മാരെ കടന്നാക്രമിച്ച് മിന്നും തുടക്കമാണ് ഇന്ത്യയ്‌ക്ക് നല്‍കാറുള്ളത് (Rohit Sharma aggressive approach). രോഹിത്തിന്‍റെ ഈ ആക്രമണോത്സുകതയെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്.
പവർപ്ലേയ്ക്കിടെ രോഹിത് എതിർ ടീമിന്മേൽ ചെലുത്തുന്ന ഈ സമ്മർദം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണെന്നാണ് ഫിഞ്ച് പറയുന്നത് (Aaron Finch on Rohit Sharma's aggressive approach In Cricket World Cup 2023). "രോഹിത്തിന്‍റെ ഈ ശൈലിക്ക് പിന്നിലെ ചിന്താ പ്രക്രിയ, ടീമിന് ക്വിക്ക് സ്റ്റാര്‍ട്ട് നല്‍കുക എന്നതാണ്.
പലപ്പോഴും മത്സരം പുരോഗമിക്കുന്തോറും വിക്കറ്റ് മന്ദഗതിയിലാകുന്നത് കാണാനാവും. അതിനാല്‍ തന്നെ എതിര്‍ നിരയെ സമ്മർദത്തിലാക്കുന്നതിന് പവർപ്ലേ ശരിക്കും നിർണായകമാണ്. തുടക്കം തൊട്ടുള്ള ആക്രമണത്തിലൂടെ രോഹിത് അതാണ് ചെയ്യുന്നത്", ആരോണ്‍ ഫിഞ്ച് പറഞ്ഞു.
ALSO READ: ചിന്നസ്വാമിയില്‍ ഇന്ത്യയ്‌ക്കായി പന്തെറിഞ്ഞത് 9 പേര്‍...! കാരണം വെളിപ്പെടുത്തി നായകന്‍ രോഹിത് ശര്‍മ
രോഹിത്തിന്‍റെ ഈ ശൈലി മത്സരം തുടങ്ങുന്നതിന് മുമ്പ് തന്നെ എതിര്‍ നിരയില്‍ ഭീതി നിറയ്‌ക്കുന്നുവെന്നും ഓസീസിന്‍റെ മുന്‍ വൈറ്റ് ബോള്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു. "ആദ്യം മുതല്‍ ആക്രമിച്ച് കളിക്കുന്ന രോഹിത്തിന്‍റെ ശൈലി ബോളര്‍മാരുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയെന്നാണ് എനിക്ക് തോന്നുന്നത്.
നേരിടാനിരിക്കുന്നത് രോഹിത്താണെന്ന് അറിയുമ്പോള്‍ മത്സരം ആരംഭിക്കും മുമ്പ് തന്നെ അവര്‍ അൽപ്പം പരിഭ്രാന്തരാകാൻ തുടങ്ങും. അതിനാല്‍ അവര്‍ പ്രതിരോധത്തിലേക്ക് വലിഞ്ഞേക്കാം. ഇതു ഇന്ത്യയ്‌ക്ക് മികച്ച തുടക്കം നല്‍കുന്നതിന് രോഹിത്തിന് ഗുണം ചെയ്യുന്നതാണ്", ആരോണ്‍ ഫിഞ്ച് പറഞ്ഞു.
അതേസമയം എതിര്‍ ബോളര്‍മാരെ ആദ്യം മുതല്‍ക്ക് ആക്രമിക്കുക എന്ന ആശയം രോഹിത്തിന്‍റേത് തന്നെ ആണെന്ന് ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ നേരത്തെ പ്രതികരിച്ചിരുന്നു (Indian batting coach Vikram Rathour on Rohit Sharma's aggressive approach in Cricket World Cup 2023). രോഹിത്തിന്‍റെ പ്രസ്‌തുത ശൈലി ടീമിന് നന്നായി തന്നെ ഗുണം ചെയ്യുന്നുണ്ട്. ഇതുവഴി ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന നായകനാവാനും രോഹിത്തിന് കഴിഞ്ഞുവെന്നുമാണ് വിക്രം റാത്തോറിന്‍റെ വാക്കുകള്‍.