ദുബായ്: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യക്ക് തിരിച്ചടി. ടീം റാങ്കിങ്ങിൽ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടമായി. ബാറ്റർമാരുടെ റാങ്കിങ്ങിൽ രോഹിത്തിനും കോലിക്കും ഒരോ സ്ഥാനം വീതവും നഷ്‌ടമായി.
പരമ്പര തോൽവിക്ക് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തായിരുന്ന ഇന്ത്യ രണ്ട് സ്ഥാനം നഷ്‌ടപ്പെടുത്തി മൂന്നാം സ്ഥാനത്തേക്കിറങ്ങി. ആഷസ് പരമ്പരയിൽ തകർപ്പൻ ജയം നേടിയ ഓസ്‌ട്രേലിയയാണ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യൻമാരായ ന്യൂസിലൻഡാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.
അതേ സമയം ബാറ്റർമാരുടെ പട്ടികയിലും ഇന്ത്യക്ക് ഓരോ സ്ഥാനം വീതം നഷ്‌ടമായി. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന രോഹിത് ശർമ്മ ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി ആറാം സ്ഥാനത്തേക്ക് എത്തിയപ്പോൾ, ആറാം സ്ഥാനത്തുണ്ടായിരുന്ന വിരാട് കോലി ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 733 ആണ് രോഹിത്തിന്‍റെ പോയിന്‍റ്. 767 ആണ് കോലിയുടെ പോയിന്‍റ്.
ALSO READ: ICC Men's Test XI: ഈ വർഷത്തെ ടെസ്റ്റ് ഇലവനുമായി ഐസിസി; മൂന്ന് ഇന്ത്യൻ താരങ്ങൾ ടീമിൽ
935 പോയിന്‍റുമായി ഓസ്ട്രേലിയയുടെ മാർനസ് ലബ്യുഷെയ്‌നാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 872 പോയിന്‍റുമായി ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് രണ്ടാം സ്ഥാനം നിലനിർത്തിയപ്പോൾ 862 പോയിന്‍റുമായി ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണ്‍ മൂന്നാം സ്ഥാനത്തേക്കെത്തി.