ഹൈദരാബാദ്: ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിന്‍റെ ഷെഡ്യൂളില്‍ (ICC World Cup 2023 Schedule) വീണ്ടും മാറ്റത്തിന് സാധ്യത. തുടർച്ചയായ ദിവസങ്ങളിൽ ലോകകപ്പ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ (Hyderabad Cricket Association) ബിസിസിഐയെ (BCCI) അറിയിച്ചു. ഹൈദരാബാദ് പൊലീസ് (Hyderabad Police) സുരക്ഷ ആശങ്ക ഉന്നയിച്ചതോടെയാണ് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ നടപടി.
ഒക്‌ടോബർ ഒമ്പതിന് ന്യൂസിലൻഡും നെതർലൻഡ്‌സും (New Zealand vs Netherlands) തമ്മിലുള്ള മത്സരം ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലാണ് (Rajiv Gandhi Stadium) നടക്കുക. 10-ാം തീയതി നടക്കുന്ന പാകിസ്ഥാന്‍-ശ്രീലങ്ക (Sri Lanka vs Pakistan) മത്സരത്തിനും ഇതേ വേദിയാണ് നിശ്ചയിച്ചിരിക്കുന്നത്. പകലും രാത്രിയുമായാണ് ഇരു മത്സരങ്ങളും നിശ്ചയിച്ചിരിക്കുന്നത്. മത്സരങ്ങള്‍ക്ക് ഇടയില്‍ കുറഞ്ഞത് ഒരു ദിവസത്തെ ഇടവേള എങ്കിലും വേണമെന്നാണ് അസോസിയേഷന്‍റെ ആവശ്യം.
മത്സരങ്ങളുടെ തീയതി മാറ്റുമെന്ന് ഉറപ്പില്ലെങ്കിലും തങ്ങളുടെ ആശങ്കകള്‍ ബിസിസിഐയെ അറിയിച്ചിട്ടുണ്ടെന്ന് ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലെ ഒരു ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. തുടര്‍ച്ചയായ മത്സരങ്ങളില്‍ സുരക്ഷ ഒരുക്കുക പ്രയാസമാണെന്നാണ് ഹൈദരാബാദ് പൊലീസ് പറയുന്നത്. മത്സരത്തിന്‍റെ തീയതികളില്‍ ബിസിസിഐ പുനർവിചിന്തനം നടത്തുകയാണെങ്കിൽ അത് നല്ലതായിരിക്കും.
ഇതു സാധ്യമാണോ അല്ലയോ എന്ന ചര്‍ച്ചകള്‍ ഇപ്പോഴും സുരക്ഷാ ഏജന്‍സികളുമായി നടത്തുന്നുണ്ട്. രണ്ട് മത്സരങ്ങള്‍ക്കിടയില്‍ ഒരു ദിവസത്തെ ഇടവേളയെങ്കിലും വേണമെന്ന് ആരും ആഗ്രഹിക്കുന്നതാണ്. ഇക്കാര്യത്തില്‍ എന്തായാലും അന്തിമ തീരുമാനം ബിസിസിഐയുടേതാണെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
ഒരു അന്താരാഷ്‌ട്ര മത്സരത്തിനായി 2000 മുതല്‍ 2500 ഉദ്യോഗസ്ഥരെ വരെയാണ് ഹൈദരാബാദ് പൊലീസ് വിന്യസിക്കാറുള്ളത്. മത്സരത്തിന്‍റെ പ്രാധാന്യമനുസരിച്ചാണ് ഉദ്യോഗസ്ഥരുടെ എണ്ണം തീരുമാനിക്കാറുള്ളത്. വേദിയില്‍ പാകിസ്ഥാന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ പൊലീസിന് ശക്തമായ സുരക്ഷ തന്നെ ഒരുക്കേണ്ടതുണ്ട്.
2016-ലെ ടി20 ലോകകപ്പിന് ശേഷം ആദ്യമായി ഇന്ത്യയിൽ എത്തുന്ന പാകിസ്ഥാന്‍ രണ്ട് സന്നാഹ മത്സരങ്ങളും ഹൈദരാബാദിലാണ് കളിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ച ഷെഡ്യൂളില്‍ ഒമ്പത് മത്സരങ്ങളുടെ തീയതിയില്‍ ഐസിസി മാറ്റം വരുത്തിയിരുന്നു. സുരക്ഷ ആശങ്കയ്‌ക്ക് പുറമെ രണ്ട് മത്സരങ്ങള്‍ തമ്മിലുള്ള ഇടവേള സംബന്ധിച്ച് ഐസിസി അംഗങ്ങള്‍ പരാതി ഉന്നയിച്ചതോടെയാണ് ഷെഡ്യൂളില്‍ മാറ്റം വരുത്താന്‍ ഐസിസിയും ബിസിസിഐയും തീരുമാനിച്ചത്.
അതേസമയം ടൂര്‍ണമെന്‍റിനായുള്ള ടിക്കറ്റ് വില്‍പ്പന ഓഗസ്റ്റ് 25 മുതല്‍ക്കാണ് തുടങ്ങുന്നത്. ഇന്ത്യയുടേത് ഒഴികെയുള്ള സന്നാഹ മത്സരങ്ങള്‍, ഇന്ത്യയുടേത് അല്ലാത്ത മറ്റ് ടീമുകളുടെ ലോകകപ്പ് മത്സരങ്ങള്‍ എന്നിവയുടെ ടിക്കറ്റ് വില്‍പനയാണ് ഈ ദിവസം നടക്കുക. ഓഗസ്റ്റ് 30 മുതലുള്ള തീയതികളിലാണ് ഇന്ത്യയുടെ സന്നാഹ മത്സരങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ടിക്കറ്റുകള്‍ ലഭ്യമാവുക.
ഏകദിന ലോകകപ്പ് ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് അരങ്ങേറുന്നത്. ഹൈദരാബാദിന് പുറമെ അഹമ്മദാബാദ്, ചെന്നൈ, ധർമ്മശാല, ഡൽഹി, ബെംഗളൂരു, ലഖ്‌നൗ, പൂനെ, മുംബൈ, കൊൽക്കത്ത എന്നീ വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.