ദുബൈ: ഐസിസി പുരുഷ ഏകദിന റാങ്കിങ്ങില്‍ ബാറ്റര്‍മാരില്‍ ഇന്ത്യന്‍ താരം വിരാട് കോലി രണ്ടാം സ്ഥാനം നിലനിർത്തി. ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മികച്ച പ്രകടനമാണ് കോലിക്ക് തുണയായത്.
പ്രോട്ടീസിനെതിരെ മൂന്ന് ഏകദിനത്തിൽ നിന്നും രണ്ട് അർധ സെഞ്ചുറികള്‍ ഉൾപ്പെടെ 116 റൺസാണ് കോലി നേടിയത്. 836 റേറ്റിങ് പോയിന്‍റാണ് കോലിക്കുള്ളത്. 873 റേറ്റിങ് പോയിന്‍റുമായി പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്.
ന്യുസിലന്‍ഡിന്‍റെ റോസ് ടെയ്‌ലർ ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. രോഹിത് ശര്‍മ നാലാം സ്ഥാനം നിലനിര്‍ത്തി. പരിക്കേറ്റതിനെ തുടര്‍ന്ന് രോഹിത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിച്ചിരുന്നില്ല. ഇന്ത്യയ്‌ക്കെതിരായ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ക്വിന്‍റൺ ഡി കോക്ക്, വാൻ ഡർ ഡുസ്സൻ, ടെംബ ബവുമ എന്നിവര്‍ നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഡി കോക്ക് അഞ്ചാം സ്ഥാനത്തെത്തി. കേപ്‌ടൗണില്‍ നേടിയ 124 റണ്‍സുള്‍പ്പെടെ പരമ്പരയില്‍ 229 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
also read: IND VS WI: അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യ; രോഹിത് തിരിച്ചെത്തും, ബുംറക്ക് വിശ്രമം
2019ലെ ലോകകപ്പിന് ശേഷം ഇതാദ്യമായാണ് ഡികോക്ക് ആദ്യ അഞ്ചിലെത്തുന്നത്. അതേസമയം പത്ത് സ്ഥാനങ്ങള്‍ കയറിയാണ് വാൻ ഡർ ഡുസ്സൻ ആദ്യത്തില്‍ ഇടം പിടിച്ചത്. 21 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ടെംബ ബവുമ 59ാമതെത്തി.
ബൗളർമാരിൽ ഏഴാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിന്‍റെ ട്രെന്റ് ബോൾട്ട്, ഓസ്‌ട്രേലിയയുടെ ജോഷ് ഹേസിൽവുഡ്, ഇംഗ്ലണ്ടിന്‍റെ ക്രിസ് വോക്‌സ് എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. നാല് സ്ഥാനങ്ങള്‍ കയറിയ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലുങ്കി എന്‍ഗിഡി 20ാം സ്ഥാനത്തെത്തി.