ദുബായ്: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ തകർപ്പൻ പ്രകടനത്തോടെ ഐ.സി.സിയുടെ ഏകദിന റാങ്കിങിൽ ശിഖാർ ധവാന് മുന്നേറ്റം. 18-ാം സ്ഥാനത്തായിരുന്ന ധവാൻ രണ്ട് പടി ഉയർന്ന് 16ാം സ്ഥാനത്തെത്തി. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. രോഹിത് ശർമ മൂന്നാം സ്ഥാനത്തും തുടരുന്നു.
പാക്കിസ്ഥാന്‍റെ ബാബർ അസമാണ് 873 പോയിന്‍റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള കോലിക്ക് 848 പോയിന്‍റും മൂന്നാം സ്ഥാനത്തുള്ള രോഹിത്തിന് 817 പോയിന്‍റുമുണ്ട്.
ALSO READ: ഐസിസി വനിത ഏകദിന റാങ്കിങ്; ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് മിതാലി
ബൗളർമാരിൽ ഇന്ത്യയുടെ യുസ്‌വേന്ദ്ര ചഹാൽ നാല് സ്ഥാനങ്ങൾ ഉയർന്ന് 20-ാം റാങ്കിൽ എത്തിയിട്ടുണ്ട്. ഇന്ത്യൻ താരങ്ങളിൽ പട്ടികയിൽ ആദ്യ പത്തിൽ ജസ്പ്രീത് ബുംറ മാത്രമാണ് ഇടം പിടിച്ചിട്ടുള്ളത്. പട്ടികയിൽ 737 പോയിന്‍റുമായി ന്യൂസിലാന്‍റ് താരം ട്രെന്‍റ് ബോൾട്ടാണ് ഒന്നാം സ്ഥാനത്ത്.